മലപ്പുറം: നിലമ്പൂരിനടുത്ത പോത്തുകല്ല് ആനക്കല്ല് ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായി പരിസരവാസികൾ. സംഭവത്തിൽ രണ്ട് വീടുകൾക്കും മുറ്റത്തും വിളളലുണ്ടായി.
ആനക്കല്ല് പട്ടികവർഗ നഗറിൽ ചൊവ്വാഴ്ച രാത്രി 9.30-ഓടെയാണ് വലിയ ശബ്ദം കേട്ടതെന്ന് അനുഭവസ്ഥർ പറഞ്ഞു. മുഴക്കം ഒരു കിലോമീറ്റർ അകലെ വരെ കേട്ടതായി പരിസരവാസികൾ പറഞ്ഞു. 10.45-ഓടെ തുടർ ശബ്ദമായി തരിപ്പ് ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.
പിന്നാലെ വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് അധികൃതരും മറ്റും സ്ഥലത്തെത്തി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി. ഇവരെ ബന്ധുവീടുകളിലേക്കും ഞെട്ടിക്കുളം എ.യു.പി സ്‌കൂളിലേക്കുമാണ് മാറ്റി പാർപ്പിച്ചത്.
ഭൂമി കുലുക്കമല്ലെന്നാണ് പ്രാഥമിക റിപോർട്ട്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്‌ഫോടനം പോലെയാണ് ശബ്ദം കേട്ടത്. സംഭവ സ്ഥലം വിദഗ്ധ സംഘമെത്തി ഇന്ന് പരിശോധിക്കും.