താമരശ്ശേരി: കൊടുവള്ളി പരപ്പാറയിൽനിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കി. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളാണ് പോലീസ് ഇന്ന് പുറത്തുവിട്ടത്.
കാണാതായ അനൂസ് റോഷന്റെ ചിത്രത്തോടൊപ്പം പ്രതികളെന്നു സംശയിക്കുന്ന ഷബീർ, ജാഫർ, നിയാസ്, ഷിബു എന്നിവരുടെയും ജാഫറും നിയാസും ഒരുമിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളുമാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസിൽ പുറത്തുവിട്ടത്. പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്നും പ്രതികളെന്ന് സംശയിക്കുന്നവരുടെയോ അവരുടെ വാഹനങ്ങളുടെയോ വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിലോ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണമെന്ന് കൊടുവള്ളി പോലീസ് പ്രതികരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്തുള്ള അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് അനൂസിനെ ഉടൻ കണ്ടെത്തണമെന്നും പ്രതികളെ പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും നാട്ടിൽ പൗരസുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും പരപ്പാറയിൽ ഇന്ന് വൻ പ്രതിഷേധ റാലിയും നടന്നു.