കോഴിക്കോട്- കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുജനാധിപത്യമുന്നണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അത് മൂന്നാം ഇടതു മുന്നണി സര്‍ക്കാരിനുള്ള റിഹേഴ്‌സലായിരിക്കുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി. മോഹനന്‍ മാസ്റ്റര്‍. ‘ദ മലയാളം ന്യൂസു‘മായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സഖാവ് പിണറായി വിജയന്‍ തന്നെയാണ് നയിക്കുക. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെയാണ് ഉണ്ടാവുക. ഇടതു പക്ഷം വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ വികസനങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പാലക്കോടോ നിലമ്പൂരോ ഉപതെരെഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കോ പാര്‍ട്ടിക്കോ വോട്ടുകള്‍ നഷ്ടമായിട്ടില്ല.”- മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ വിശ്വപൗരന്‍ എന്ന ഖ്യാതിയുള്ള ചിലര്‍ അപ്പുറത്താണോ ഇപ്പുറത്താണോ എന്ന സാഹചര്യത്തിലാണുള്ളത്. ബിജെപിയിലേക്ക് പോകുമോ ഗവര്‍ണറാകുമോ എന്നൊക്കെ സംശയങ്ങളുയരുന്നു. മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് ആശയപരമായ നേതൃത്വം നല്‍കുന്ന സാഹചര്യമുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ് യുഡിഎഫിലെ പ്രധാന കക്ഷി. യുഡിഎഫിന്റെ നട്ടെല്ല് തന്നെ ലീഗാണ്. അവര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ആശങ്കയുയര്‍ത്തുന്നതാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ജമാത്തെ ഇസ്ലാമിയെ മഹത്വ വത്കരിക്കുകയാണ്. മുസ്ലിം ലീഗിന്റെ അണികളെ ജമാഅത്തെ ഇസ്ലാമി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അത് മറുഭാഗത്ത് ആര്‍എസ്എസിനെ ശക്തിപ്പെടുത്തുന്ന നീക്കമാണിതെന്നും മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.
ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് നിന്ന് വ്യത്യസ്തമായി നല്ല നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിഞ്ഞ സര്‍ക്കാരാണ്. അതുകൊണ്ടു തന്നെ പ്രവാസി പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ പരമാവധി ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ട്. തിരിച്ചുപോരേണ്ടി വരുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉണ്ട്. പ്രവാസി ക്ഷേമനിധി നല്ല നിലയില്‍ മുന്നോട്ടുപോവുകയാണ്. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണ്. ലോക കേരള സഭ നടത്തി എന്തൊക്കെയാണ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എന്ന് അവരില്‍ നിന്ന് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നത് ഏറെ പ്രയോജനപ്രദമാണ്. സര്‍ക്കാരിന്റെ മുമ്പിലുള്ള വലിയ പ്രതിസന്ധി സാമ്പത്തികമായിട്ടുള്ളതാണ്. കേന്ദ്രം കൃത്യമായി പദ്ധതി വിഹിതം തരുന്നില്ല. അതുകൊണ്ടു തന്നെ പല പദ്ധതികളിലും കാര്യമായി ഈ പ്രതിസന്ധി നിഴലിക്കുന്നുണ്ട്. കേരളത്തിന്റെ സ്വന്തം വരുമാനം വര്‍ധിപ്പിച്ച് മുന്നോട്ടുപോവേണ്ടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രവാസി പ്രശ്‌നങ്ങളില്‍ പോരായ്മ ഉണ്ടായേക്കാം. അവ പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുമെന്നാണ് പ്രതീക്ഷ. നിയമപരമായ പരിധിക്കുള്ളില്‍ നിന്ന് വേണ്ടുന്ന പ്രവാസി വോട്ടവകാശത്തിന് വേണ്ടുന്ന സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കണമെന്നാണ് അഭിപ്രായം. വോട്ടവകാശം കൃത്യമായി വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക് അവസരം ഒരിക്കലും പാഴായിക്കൂടാ എന്ന് തന്നെയാണ് സിപിഎം അഭിപ്രായമെന്നും പ്രവാസി വോട്ടവകാശം അതാത് നാടുകളില്‍ നിന്ന് വിനിയോഗിക്കുക എന്ന ആവശ്യത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ആഭ്യന്തര വകുപ്പിനെതിരേയും ആരോഗ്യമേഖലക്കെതിരേയും മാധ്യമങ്ങള്‍ ബോധപൂര്‍വ്വമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ”ചില അപകടങ്ങളുണ്ടാവുമ്പോള്‍ ആരോഗ്യമേഖലയെ ഒന്നാകെ മോശമാക്കി ചിത്രീകരിക്കുകയാണ്. ഗോവിന്ദച്ചാമി ജയില്‍ചാടിയപ്പോള്‍ മാധ്യമങ്ങള്‍ രംഗത്തുവന്നു. പക്ഷെ അയാളെ ഉടന്‍ പിടികൂടിയല്ലോ. ജനങ്ങളും പൊലീസുമെല്ലാം സന്ദര്‍ഭോചിതമായി ഇടപെട്ടാണ് പിടികൂടുന്ന സാഹചര്യമുണ്ടായത്. അതേസമയം യുഡിഎഫ് ഭരിച്ച കാലത്തല്ലേ റിപ്പര്‍ ചന്ദ്രന്‍ ജയില്‍ചാടിയത്. ലാഘവത്തോടെയല്ലേ അന്നത്തെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അതിനെ സമീപിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ എന്തുകൊണ്ടു ചര്‍ച്ച ചെയ്തില്ലെന്നും മോഹനന്‍ മാസ്റ്റര്‍ ചോദിച്ചു.



