തിരുവനന്തപുരം – കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പർ താരം ലയണൽ മെസ്സിയും അർജൻ്റീന ഫുട്ബോൾ ടീമും കേരളത്തിലെത്തും. അർജൻ്റീന ഫുട്ബോൾ അസോസിയേഷനും, കായിക മന്ത്രി വി. അബ്ദുറഹിമാനും ഇക്കാര്യം സ്ഥിരീകരിച്ചു.
നവംബർ 10നും 18നും ഇടയ്ക്ക് കേരളത്തിലെത്തുമെന്നാണ് അസോസിയേഷൻ അറിയിച്ചത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. എതിരാളികൾ ആരാണെന്ന് തീരുമാനമായിട്ടില്ല.
നവംബർ 2025 ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി അടങ്ങുന്ന ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യൽ മെയിൽ വഴി ലഭിച്ചു- മന്ത്രി വി. അബ്ദുറഹിമാൻ ഫേസ്ബുക്കിൽ കുറിച്ചു.
അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും അർജന്റീന ഫുട്ബോൾ ടീം ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയിരുന്നില്ല. മാസങ്ങള്‍നീണ്ട വിവാദങ്ങള്‍ക്കൊടുക്കമാണ് മെസ്സി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്.