തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. “ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ അധികം സമയം വേണ്ട എന്ന് പറയുന്നത് ക്രിമിനൽ മനോഭാവമാണ്,” മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നൽകുന്നവർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും, സർക്കാർ പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
“ഇത് ഗൗരവമേറിയ വിഷയമാണ്, കേരള സമൂഹവും മാധ്യമങ്ങളും ഇതിനെ അങ്ങനെതന്നെ കാണുന്നു. ഇത്തരമൊരാൾ ആ സ്ഥാനത്ത് തുടരാൻ പാടില്ലെന്ന പൊതുഅഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ, അവർ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഗർഭം അലസിപ്പിക്കുക എന്ന് മാത്രമല്ല, ഗർഭിണിയായ യുവതിയെ കൊല്ലാൻ വരെ പറയുന്ന ക്രിമിനൽ രീതിയാണ് വെളിപ്പെട്ടത്,” മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോൺഗ്രസിനുള്ളിൽ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ടെന്നും, രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാന്യതയും ധാർമികതയും നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. “പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന അംഗീകാരത്തിന് അപവാദം വരുത്തുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ അനുഭവത്തിൽ ഇതിനുമുമ്പ് ഈ തോതിൽ ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവിനെപ്പോലുള്ളവർ ഇത്തരക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഇത് രാഷ്ട്രീയത്തിനും പൊതുപ്രവർത്തനത്തിനും അപമാനം വരുത്തുന്നു,” അദ്ദേഹം കുറ്റപ്പെടുത്തി.
നിയമപരമായി ആവശ്യമായ എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുമെന്നും, പരാതിക്കാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “പരാതി നൽകാൻ ആർക്കും ഭയമോ ആശങ്കയോ വേണ്ട. സർക്കാർ എല്ലാ സുരക്ഷയും ഉറപ്പാക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.