കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതര്‍ക്ക് സഹായം നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ഇനിയും സർക്കാറിനെ കാത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നും മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകള്‍ സ്വന്തംനിലയ്ക്ക് നിര്‍മിച്ചുനൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്ഥലം കണ്ടെത്തിയെന്നും റമദാന് ശേഷം വീടുകളുടെ നിര്‍മാണം തുടങ്ങുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പി.കെ ബഷീർ എം.എൽ.എ നിർമാണത്തിന് മേൽനോട്ടം വഹിക്കും.
100 വീടുകള്‍ നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം ഞങ്ങള്‍ കുറേ കാത്തിരുന്നു. പക്ഷേ, വൈകിപ്പോകുന്നതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. വൈകാതെ പുനരധിവാസം ഉറപ്പുവരുത്തണം. അതിനുവേണ്ടി മുസ്ലിം ലീഗ് തന്നെ സ്ഥലമെടുത്ത് ബാക്കി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
നോമ്പ് കഴിഞ്ഞാലുടൻ വീടുകളുടെ നിർമാണം തുടങ്ങും. ടൗണിനോട് അടുത്തുള്ള സ്ഥലമാണ് മുസ്ലിം ലീഗ് കണ്ടുവെച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എട്ടു സെന്റ് സ്ഥലത്ത് ആയിരം സ്ക്വയർഫീറ്റുള്ള വീടാണ് ഒരുക്കുന്നത്. രണ്ടായിരം സ്ക്വയർഫീറ്റ് അടിത്തറയാകും നിർമ്മിക്കുക. ആവശ്യക്കാർക്ക് ആവശ്യമുണ്ടെങ്കിൽ പിന്നീട് വീട് വലുതാക്കാമെന്ന് പി.കെ ബഷീർ പറഞ്ഞു.