കോഴിക്കോട്- പരമാവധി പ്രകോപനമുണ്ടാക്കി സമാധാന അന്തരീഷം തകർക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും അതുവഴി മറ്റു പലർക്കും ലാഭമുണ്ടാക്കി കൊടുക്കുകയാണ് വെള്ളാപ്പള്ളി നടേശന്റെ ലക്ഷ്യമെന്നും യൂത്ത് ലീഗ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിക്കുക വഴി പ്രകോപനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുസ്ലിം ലീഗ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കോലം കത്തിച്ച എസ്.എൻ.ഡി.പി പ്രവർത്തകരുടെ പ്രവൃത്തി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഫിറോസ്. പാലക്കാട് കൊല്ലങ്കോടാണ് എസ്.എൻ.ഡി.പി പ്രവർത്തകർ സാദിഖലി തങ്ങളുടെ കോലം കത്തിച്ചത്.
എരിവ് കയറ്റാനും എരി തീയിൽ എണ്ണയൊഴിക്കാനും ഫേസ്ബുക്കിൽ വികാര ജീവികൾ ഒരുപാടുണ്ടാകുമെന്നും അവരുടെ വാക്ക് കേട്ട് എടുത്ത് ചാടരുതെന്നും ഫിറോസ് പറഞ്ഞു. നിങ്ങളെ സംയമന പാർട്ടി എന്നും കഴിവു കെട്ടവരെന്നും അവരാക്ഷേപിക്കും. അവഗണിച്ചേക്കുക. നമ്മുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താൽപ്പര്യം ഈ നാടിന്റെ സമാധാനമാണ്. സൗഹാർദ്ദമാണ്. മറക്കരുതെന്നു ഫിറോസ് പറഞ്ഞു.