തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തിൽ നാട്ടുകാരുടെയും ബന്ധുകളുടെയും പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ നാട്ടുകാരും ബന്ധുകളും പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പ്രദേശത്ത് സംഘർഷവസ്ഥ നിലനിൽക്കുകയാണ്. യുവതിയുടെ മരണത്തിനു കാരണം ഗുരുതര ചികിത്സാപിഴവെന്നാണ് ആരോപണം. മലയിൻകീഴ് സ്വദേശിനി കൃഷ്ണ(28) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
യുവതി കിഡ്നി സ്റ്റോണിനെ തുടർന്ന് ഈ മാസം 15ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. തുടർന്ന് യുവതിക്ക് കുത്തിവയ്പ്പും നൽകി. ഇതിനു പിന്നാലെ യുവതി അബോധാവസ്ഥയിലായെന്ന് കുടുംബം ആരോപിക്കുന്നു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സർജൻ വിനുവിനെതിരെ കേസെടുത്തത്.