മലപ്പുറം – വര്‍ത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണമെന്ന് റിയാസ് മൗലവി വധക്കേസില്‍ മുഖ്യമന്ത്രിയോട് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.റിയാസ് മൗലവി വധക്കേസില്‍ അശ്രദ്ധയുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കതിരെയാണ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
തെങ്ങില്‍ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല, പക്ഷേ തല പോയെന്നു പറഞ്ഞതു പോലെയാണ് റിയാസ് മൗലവി വധക്കേസിലെ മുഖ്യമന്ത്രിയുടെ വാദമെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. കേസ് നടത്തി, പക്ഷേ പ്രതികള്‍ രക്ഷപെട്ടു പോയി.
കേസിലെ പ്രതികള്‍ ഈസി ആയി ഊരിപ്പോയി. എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്ന് പറയുന്നത് വിചിത്ര വാദമാണ്. ഒരുപാട് കേസില്‍ ഇങ്ങനെ സംഭവിച്ചു. റിയാസ് മൗലവി വധത്തില്‍ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഈ കേസില്‍ പോലീസിന്റെ അന്വേഷണവും പ്രോസിക്യൂഷന്റെ വാദവും ശരിയായ രീതിയില്‍ നടന്നില്ല. യു എ പി എ ചുമത്തുന്നതിനു എതിരായി യു ഡി എഫ് പറഞ്ഞിട്ടുണ്ട്. അത് നയപരമായ കാര്യമാണ്. പക്ഷേ എത്ര കേസുകളില്‍ സര്‍ക്കാര്‍ യു എ പി എ ചുമത്തി. എന്തുകൊണ്ടാണ് ഈ കേസില്‍ യു എ പി എ ഒഴിവായതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.