കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതികയ്ക്ക് പിഴവ് പറ്റിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍. ഇക്കാര്യത്തിൽ കെ.കെ ലതികക്ക് പിഴവ് പറ്റുകയും സൂക്ഷ്മത കുറവു സംഭവിക്കുകയും ചെയ്തു. സാമൂഹിക വിദ്വേഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലായിരുന്നു
പോസ്റ്റ് വ്യാജമാണെന്ന് പോലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് പോസ്റ്റ് പിൻവലിച്ച ലതിക, തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്കിടുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്നാണ് ഹൈക്കോടതിയില്‍ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട്.
തിരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍, പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും ലതിക സ്‌ക്രീന്‍ ഷോട്ട് പിന്‍വലിച്ചിരുന്നില്ല. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിലാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പോസ്റ്റ് പുറത്തിറങ്ങിയത്.