കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യറാലിയുടെ വേദിയിൽ സമസ്ത നേതാവ് മുക്കം ഉമ്മർഫൈസി നമസ്കരിച്ചതിനെ അധിക്ഷേപിച്ചും അതിന് വേദിയൊരുക്കിക്കൊടുത്തുവെന്ന് പറഞ്ഞ് സംഘാടകരെ പരിഹസിച്ചും വടകരയിലെ യു.ഡി.എഫ് പൊതുയോഗത്തിൽ ആർ.എം.പി നേതാവ് ഹരിഹരൻ നടത്തിയ പ്രസ്താവന യു.ഡി.എഫിന്റെ നിലപാടാണോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കണമെന്ന് ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘാടകസമിതി ആവശ്യപ്പെട്ടു.
2023 നവംബർ 11-നാണ് കോഴിക്കോട് ട്രേഡ്സെന്ററിൽ ഗസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾക്കെതിരെയും ഫലസ്തീൻ ജനതയുടെ ഐതിഹാസികമായ ചെറുത്തുനിൽപിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പതിനായിരങ്ങൾ അണിനിരന്ന റാലി നടന്നത്. മതവിശ്വാസികളും അല്ലാത്തവരും ഉൾക്കൊള്ളുന്ന വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ഏകോപനത്തിലാണ് ഐക്യദാർഢ്യറാലി സംഘടിപ്പിച്ചത്.
അത്തരമൊരു വേദിയിൽ ഒരു മതപണ്ഡിതൻ നടത്തിയ നിസ്കാരം എങ്ങനെയാണ് ആക്ഷേപകരമാവുന്നതെന്ന് പ്രതിപക്ഷനേതാവ് മതനിരപേക്ഷ സമൂഹത്തോട് വിശദീകരിക്കാൻ ബാധ്യസ്തനാെണന്ന് സമിതി ചെയർമാൻ കെ.ടി കുഞ്ഞിക്കണ്ണൻ ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന ഫലസ്തീൻ ഐക്യദാർഢ്യറാലിയെ അന്നേദിവസം തന്നെ ഇതുപോലെ വിമർശിച്ചത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താടിക്കാരുടെയും തൊപ്പിക്കാരുടെയും റാലിയെന്നാണ് കെ.സുരേന്ദ്രൻ അന്ന് ഐക്യദാർഢ്യറാലിയെ അധിക്ഷേപിച്ചത്. അതേ സ്വരത്തിലും ശൈലിയിലുമാണ് ആർ.എം.പി നേതാവ്, പ്രതിപക്ഷനേതാവും മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയും വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഇരിക്കുന്ന വേദിയിൽ നിസ്കാരത്തെയും ഉമ്മർഫൈസിയെയും കളിയാക്കി പ്രസംഗിച്ചത്. അവരത് തടഞ്ഞില്ലെന്നു മാത്രമല്ല വേദിയിൽ അതൊക്കെ രസിച്ചിരിക്കുകയായിരുന്നുവെന്നത് അത്യന്തം അപലപനീയമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
വടകരയിലെ യു.ഡി.എഫ് സമ്മേളനത്തില സ്ത്രീവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ അധിക്ഷേപവർഷങ്ങളുടെ വേദിയാക്കിയതിനുള്ള ഉത്തരവാദിത്വത്തിൽനിന്ന് പ്രതിപക്ഷനേതാവിന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്നും പ്രസ്താവന വ്യക്തമാക്കി.