മലപ്പുറം- മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിലെ സുതാര്യതയെ അഭിനന്ദിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ.കെ.ടി ജലീൽ. ഫണ്ട് വിനിയോഗം ആപ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണന്നും ജലീൽ വ്യക്തമാക്കി. ലീഗിൻ്റെ ഫണ്ട് വിനിയോഗം സുതാര്യമാക്കുക എന്നതാണ് 2004 മുതൽ ഞാൻ ആവശ്യപ്പെട്ടിരുന്നതെന്നും അതിൻ്റെ പേരിലാണ് എനിക്ക് ഭ്രഷ്ട് കൽപ്പിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതെന്നും ജലീൽ പറഞ്ഞു.
അന്ന് തുടങ്ങിയ പോരാട്ടം ഫലം കണ്ടു എന്നതിൽ സന്തോഷമുണ്ട്. വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ലീഗ് പിരിച്ച ഫണ്ടിൻ്റെ ചെലവും ഒരു “എക്സ്പെൻഡിച്ചർ ആപ്പിലൂടെ” പ്രദർശിപ്പിക്കാൻ ഞാൻ മുഖപുസ്തകത്തിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. വയനാട് പുനരധിവാസത്തിനുള്ള ചെലവുകൾ ആപ്പിലൂടെ ജനങ്ങളെ അറിയിക്കുമെന്നുള്ള ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിൻ്റെ എഫ്.ബി പോസ്റ്റ് കണ്ടു. ലീഗിൻ്റെ തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമാണ്.
മേലിലുള്ള എല്ലാ ക്രൗഡ് ഫണ്ടിങ്ങിനും ഇത് ബാധകമാക്കാൻ നേതൃത്വം ശ്രദ്ധിക്കണം. പോഷക സംഘടനകളോടും സമാനരീതി അവലംബിക്കാൻ സാദിഖലി തങ്ങൾ നിഷ്കർഷിക്കണം. ഡൽഹി ആസ്ഥാന മന്ദിരത്തിൻ്റെ കാര്യത്തിലും ചെലവിട്ട സംഖ്യ ആപ്പിലൂടെ അറിയിക്കുന്നതിലൂടെ ഉയരുക ലീഗിൻ്റെ വിശ്വാസ്യതയാകും. ജനങ്ങളിൽ നിന്ന് ഒരാവശ്യം പറഞ്ഞ് പിരിച്ചെടുക്കുന്ന സംഖ്യ അതേ ആവശ്യത്തിന് ചെലവഴിക്കണം. പിരിച്ചെടുക്കുന്ന ഒരോ രൂപക്കും നാളെ നാഥൻ്റെ മുമ്പിൽ മറുപടി പറയേണ്ടവരാണെന്ന ബോധം ഓരോരുത്തർക്കും ഉണ്ടാവണം. ഓരോ ഫണ്ട് പിരിവിൻ്റെ കാര്യത്തിലും ആ ഓർമ്മ ലീഗ് നേതൃത്വത്തിന് വേണം. ഇതൊരു പുതിയ അദ്ധ്യായത്തിൻ്റെ തുടക്കമാകട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.