കോഴിക്കോട്- കെ.എം മാണിക്ക് എതിരെ നടത്തിയ സമരത്തിൽ മനസ്ഥാപം തോന്നിയെന്നും സഹചര്യങ്ങളുടെ സമ്മർദ്ദത്താലും സഹജമായ എടുത്തുച്ചാട്ടത്തിലും വികാരപ്രകടനം അതിരുവിട്ടുവെന്നും മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എ. രാജ്യസഭയിലേക്ക് മത്സരിക്കുന്ന ജോസ് കെ മാണിക്കും മറ്റു മൂന്നുപേർക്കും അഭിനന്ദനം അറിയിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ജലീലിന്റെ വെളിപ്പെടുത്തൽ.
കെ.എം മാണിയുടെ ഭൗതിക ശരീരത്തിന് അടുത്തുനിൽക്കുമ്പോഴാണ് തനിക്ക് ഇക്കാര്യം തോന്നിയതെന്നും ജലീൽ പറയുന്നു. മാണിസാറിൻ്റെ ദേഹി വിടപറഞ്ഞ ദേഹത്തിനു മുന്നിൽ അൽപ്പ സമയം ഞാൻ കൈക്കൂപ്പി നിന്നു. പശ്ചാതാപ ബോധത്താൽ മനസ്സ് വിങ്ങി. മാണി സാറിനെതിരെ നിയമസഭക്കകത്ത് നടന്ന സമരത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്താലും എൻ്റെ സഹജമായ എടുത്തുചാട്ടത്താലും വികാരപ്രകടനം അതിരുവിട്ടതിൽ ശരിക്കും മനസ്താപം തോന്നി. ജോസിൻ്റെ കൈ മുറുക്കിപ്പിടിച്ച് ക്ഷമാപണം പറയാതെ പറഞ്ഞാണ് വിലാപയാത്രാ വാഹനത്തിൻ്റെ പടികളിറങ്ങിയതെന്നും ജലീൽ കുറിപ്പിൽ കൂട്ടിച്ചേർക്കുന്നുണ്ട്
കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക്ക തെരഞ്ഞെടുക്കപ്പെടാൻ പോകുന്ന ജോസ് കെ മാണി, പി.പി സുനീർ, ഹാരിസ് ബീരാൻ എന്നിവരുമായി തനിക്ക് വ്യക്തിപരമായി അടുപ്പമുണ്ടെന്നും വ്യത്യസ്ത മുന്നണിയിലും പാർട്ടിയിലും പെടുന്ന മൂന്നു സുഹൃത്തുക്കൾ ഒരുമിച്ച് ഡൽഹിയിലേക്ക് പറക്കുമ്പോൾ വലിയ സന്തോഷമെന്നും ജലീൽ പറയുന്നു.
ജലീലിന്റെ വാക്കുകൾ
വഹിച്ച പദവികൾ നോക്കിയാൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ് കൂട്ടത്തിൽ സീനിയർ. 2002 ൽ അദ്ദേഹം യൂത്ത്ഫ്രണ്ടിൻ്റെ സംസ്ഥാന പ്രസിഡണ്ടായിരിക്കെ ഞാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന യുവജന സംഘടനാ നേതാക്കളുടെ യോഗത്തിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് പലപ്പോഴും മാണി സാറിനെ കാണാൻ പോയ സന്ദർഭങ്ങളിൽ ഞങ്ങൾ കണ്ടു. പരിചയം പുതുക്കി. രാഷ്ട്രീയം ചർച്ച ചെയ്തു. സൗഹൃദം അണയാതെ കാത്ത് സൂക്ഷിച്ചു.
മാണിസാറ് മരണപ്പെട്ടതറിഞ്ഞ് അദ്ദേഹത്തിൻ്റെ ചലനമറ്റ ശരീരം ഒരുനോക്കു കാണാൻ മലപ്പുറത്ത് നിന്ന് ദീർഘനേരം യാത്രചെയ്ത് കോട്ടയത്ത് എത്തിയപ്പോഴേക്ക് അർധരാത്രി പിന്നിട്ടിരിരുന്നു. ജനങ്ങളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു മൃതദേഹവും വഹിച്ചുള്ള വാഹനം കടന്നു പോകുന്ന വഴിയിലുടനീളം. കോട്ടയത്തെത്താൻ കാത്തുനിന്നാൽ പുലർച്ചയാകുമെന്ന് പോലീസ് പറഞ്ഞു. വിലാപയാത്രയുടെ സഞ്ചാരം മനസ്സിലാക്കി കാറ് തിരിച്ചുവിടാൻ പറഞ്ഞു. ആൾതിരക്കു കാരണം പതുക്കെയാണ് വാഹന വ്യൂഹം നീങ്ങിയിരുന്നത്.
വഴിയിലെവിടെയോ റോഡരികിൽ റീത്തും പൂക്കളുമായി നിന്നവർക്ക് കാണാൻ വണ്ടി നിർത്തിയത് കണ്ട ഞങ്ങൾ കെ.എസ്.ആർ.ടി.സി ബസ്സിനടുത്തേക്ക് നീങ്ങി. തിരക്കിനിടയിൽ എന്നെ കണ്ടപാടെ കലങ്ങിയ കണ്ണുകളുമായി തൻ്റെ വന്ദ്യനായ പിതാവിൻ്റെ ഭൗതിക ശരീരത്തിനരികെ നിന്നിരുന്ന ജോസ് കെ മാണി മറ്റുള്ളവരോട് മാറാൻ അഭ്യർത്ഥിച്ചു. പോലീസ് ഒരുക്കിയ വഴിയിലൂടെ മാണിസാറിൻ്റെ ദേഹി വിടപറഞ്ഞ ദേഹത്തിനു മുന്നിൽ അൽപ്പ സമയം ഞാൻ കൈക്കൂപ്പി നിന്നു. പശ്ചാതാപ ബോധത്താൽ മനസ്സ് വിങ്ങി. മാണി സാറിനെതിരെ നിയമസഭക്കകത്ത് നടന്ന സമരത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്താലും എൻ്റെ സഹജമായ എടുത്തുചാട്ടത്താലും വികാരപ്രകടനം അതിരുവിട്ടതിൽ ശരിക്കും മനസ്താപം തോന്നി. ജോസിൻ്റെ കൈ മുറുക്കിപ്പിടിച്ച് ക്ഷമാപണം പറയാതെ പറഞ്ഞാണ് വിലാപയാത്രാ വാഹനത്തിൻ്റെ പടികളിറങ്ങിയത്.
2009-ലും 2014-ലും കോട്ടയത്തുനിന്ന് പാർലമെൻ്റ് അംഗമായ ജോസ് കെ മാണി 2018 മുതൽ രാജ്യസഭാംഗമാണ്. ഇപ്പോൾ വീണ്ടും രാജ്യസഭയിലെത്താൻ പോവുകയാണ്. 2013-ൽ കേരള കോൺഗ്രസ് വൈസ് ചെയർമാനായ അദ്ദേഹം 2020-ൽ പാർട്ടി ചെയർമാനായി. ചെന്നൈ ലയോള കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ ജോസ് കെ മാണി, എം.ബി.എ ബിരുദം കരസ്ഥമാക്കിയത് കോയമ്പത്തൂർ പി.എസ്.ജി കോളേജിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യവും പൊതുപ്രവർത്തന പരിജ്ഞാനവും മുന്നോട്ടുള്ള സേവന യാത്രയിൽ വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
മലപ്പുറം ജില്ലയിൽ നിന്നുള്ള രണ്ടാമത്തെ ഇടതുപക്ഷ രാജ്യസഭാ മെമ്പറാണ് സുനീർ. ജില്ലയിലെ പ്രഥമ കമ്മ്യൂണിസ്റ്റ് രാജ്യസഭാ അംഗം പൊന്നാനിക്കാരനായ സഖാവ് ഇമ്പിച്ചിബാവയാണ്. സുനീറും പൊന്നാനിക്കാരനായത് യാദൃശ്ചികമെങ്കിലും അതിലൊരു കമ്മ്യൂണിസ്റ്റ് കുളിരുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിന് ശേഷം ജില്ലയിലെ സി.പി.ഐ നേതൃത്വത്തിലെ പ്രഗൽഭരായിരുന്നു കൊളാടി ഗോവിന്ദൻകുട്ടിയും കോയക്കുഞ്ഞി നഹയും കെ.എൻ.എ ഖാദറും ശ്രീധരൻ മാഷും പ്രൊഫ: ഇ.പി മുഹമ്മദലിയുമെല്ലാം. രണ്ടാം തലമുറയിലെ എണ്ണപ്പെടുന്നവരാണ് കൃഷ്ണദാസും അജിത്ത് കൊളാടിയും പ്രൊഫ: ഗീതയും അഡ്വ: റഹ്മതുള്ളയും പി.പി സുനീറുമെല്ലാം.
റഹ്മത്തുള്ള ലീഗിലേക്ക് പോയതോടെയാണ് സുനീർ പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നത്. പൊന്നാനിയിലും വയനാട്ടിലും ലോകസഭയിലേക്ക് മൽസരിച്ച് പരാജയപ്പെട്ട സുനീർ, വൈകാതെ മലപ്പുറത്ത് നിന്നുള്ള സി.പി.ഐയുടെ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായി. കുലീനമായ പെരുമാറ്റവും സൗമ്യമായ സമീപനവും സുനീറിന് ജനകീയ മുഖം നൽകി. മാറഞ്ചേരി വെളിയങ്കോട്ടെ പ്രമുഖ കമ്യുണിസ്റ്റ് കുടുംബത്തിലെ അംഗമായ സുനീർ ഇത്രയും ഉയരെയുള്ള പദവിയിലെത്തുമെന്ന് അധികമാരും കരുതിക്കാണില്ല.
വലതുപക്ഷ പാർട്ടികളിൽ ഒരു സ്ഥാനത്തെത്താൻ എത്രയോ തമ്പ്രാൻമാരെ പ്രസാദിപ്പിക്കേണ്ടി വരും? എത്ര നേതാക്കളുടെ പെട്ടി ചുമക്കേണ്ടി വരും? അതൊന്നുമില്ലാതെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയോട് കൂറും പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചതിൻ്റെ അംഗീകാരമായി സുനീറിനെത്തേടി രാജ്യസഭാംഗത്വം മലപ്പുറത്തേക്ക് പറന്നെത്തിയത്. വിദ്യാർഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച സുനീർ, 1988 മുതൽ 1993 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ്റെ വൈസ് ചെയർമാനായിരുന്നു. വൈകാതെ അദ്ദേഹം എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃനിരയിൽ എണ്ണപ്പെട്ടവനായി.
മലപ്പുറം ജില്ലാ പപഞ്ചായത്തിൽ മാറഞ്ചേരി ഡിവിഷനെ പ്രതിനിധീകരിച്ച സുനീർ, 2012 മുതൽ എട്ട് വർഷക്കാലം സി.പി.ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി. കേരള ഹൗസിംഗ് ബോർഡ് കോർപ്പറേഷൻ്റെ ചെയർമാനായും ഡെപ്യൂട്ടി സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായും സേവനം ചെയ്തു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് സുനീർ. എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഷാഹിനയാണ് ഭാര്യ.
മലപ്പുറത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ന്യായമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളിയായി സുനീർ ഉണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത ശൈഖ് സൈനുദ്ദീൻ മഖ്ദൂമിൻ്റെയും വെളിയങ്കോട് ഉമർഖാസിയുടെയും പാദസ്പർശമേറ്റ മണ്ണിൽ നിന്നാണ് പി.പി സുനീർ ഇന്ദ്രപ്രസ്ഥത്തിലേക്ക് വിമാനം കയറുന്നത്. ഏതെങ്കിലും ജനവിഭാഗത്തെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ പൊന്നാനിയുടെ ഉൾക്കരുത്ത് സഭയിൽ അദ്ദേഹം പ്രതിഫലിപ്പിക്കും. തീർച്ച. സ്വന്തമായി ഒരു മെമ്പറെ ജയിപ്പിക്കാനുള്ള വോട്ടുണ്ടായിട്ടും മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കാൻ വീട്ടുവീഴ്ച ചെയ്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകർന്ന സി.പി.ഐ എമ്മിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.