(താമരശ്ശേരി) കോഴിക്കോട്: എയ്ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി കട്ടിപ്പാറ സ്വദേശിനിയും കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്‌കൂൾ അധ്യാപികയുമായ അലീന ബെന്നി(29)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം 3.30-ഓടെയാണ് അധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്‌കൂളിൽ അഞ്ചുവർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ആറുവർഷം മുമ്പ് താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെന്റിന് 13 ലക്ഷം രൂപ നൽകിയാണ് അലീന അധ്യാപകജോലിയിൽ കയറിയതെന്ന് കുടുംബം പ്രതികരിച്ചു. വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സ്‌കൂളിലാണ് അവസാന ഒരു വർഷം അലീന ജോലി ചെയ്തത്. സ്‌കൂൾ മാറ്റസമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയെന്നും സ്‌കൂളിലെ അധ്യാപകർ തങ്ങളുടെ വേതനത്തിൽ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നൽകിയിരുന്നതെന്നും പറയുന്നു.
കട്ടിപ്പാറ സ്‌കൂളിൽ ലീവ് വേക്കൻസിയിലാണ് അലീന ജോലിയിൽ പ്രവേശിച്ചത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്‌മെന്റ് സ്ഥിരനിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നൽകിയാണ് ഇവർക്ക് ജോലി നൽകിയത്. എന്നാൽ, അവധിക്കുപോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ വീടിന് അടുത്തുള്ള സ്‌കൂളിൽ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിരനിയമനം ലഭിക്കുമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നതായാണ് പറയുന്നത്. എന്നാൽ വർഷങ്ങളായി ശമ്പളം ഇല്ലാതിരിക്കുകയും ജോലിയിൽ ഷട്ടിൽ സർവീസ് തുടരുകയും ചെയ്തത് അധ്യാപികയെ വലിയ തോതിൽ വിഷമത്തിലാക്കിയിരുന്നു. ഈ കൊടിയ ചൂഷണവും ഗതികേടുമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നാണ് പറയുന്നത്.
അധ്യാപിക ഇന്ന് സ്‌കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് പ്രധാനാധ്യാപകൻ പലതവണ ടീച്ചറെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അച്ഛൻ ബെന്നിയെ വിളിക്കുകയായിരുന്നു. പുറത്തുപോയ ബെന്നി തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.