കോഴിക്കോട് – സത്യത്തിന്റെ തുറമുഖം എന്ന കോഴിക്കോടിന്റെ കീര്‍ത്തിയ്ക്ക് ഇനി മറ്റൊരു പൊന്‍ തൂവല്‍ കൂടി. യുനെസ്‌കോ അംഗീകരിച്ച രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരം എന്ന ആഗോളപ്പെരുമ ഇനി കോഴിക്കോടിന് സ്വന്തം. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരക ജൂബിലി ഹാളില്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി ഇന്ന് മന്ത്രി എം ബി രാജേഷ് കോഴിക്കോടിനെ യുനെസ്‌കോ സാഹിത്യനഗരിയായി പ്രഖ്യാപിച്ചു.
ബഷീറും പൊറ്റെക്കാടും തിക്കോടിയനും എന്‍ പി മുഹമ്മദും പി വത്സലയും യു എ ഖാദറും എം എസ് ബാബുരാജുും കോഴിക്കോട് അബ്ദുള്‍ഖാദറും കെ ടി മുഹമ്മദും പി എം താജും അടക്കമുള്ള പ്രതിഭകള്‍ ഓര്‍മകളായി നിറഞ്ഞു നിന്ന ചടങ്ങിലായിരുന്നു സാഹിത്യ നഗരിയുടെ പ്രഖ്യാപനം.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാള സാഹിത്യത്തിന്റെ കാരണവര്‍ സ്ഥാനത്തുള്ള ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍നായര്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ സാഹിത്യ വജ്രജൂബിലി പുരസ്‌കാരം ്അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി എം ബി രാജേഷ് സമ്മാനിച്ചു.
മാനവികതയുടെയും സൗഹാര്‍ദ്ധത്തിന്റെയും നീതിബോധത്തിന്റെയും സ്വാതന്ത്രാഭിവാഞ്ജയുടെയും നാടാണ് കോഴിക്കോട് എന്നും കോഴിക്കോടിന്റെ കല പിറന്നത് ഈ മൂല്യങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു. കൊല്‍ക്കത്ത പോലുള്ള വന്‍ സാഹിത്യ പാരമ്പര്യമുള്ള നഗരങ്ങളെ പിന്തള്ളി യുനെസ്‌കോയുെട സാഹിത്യ നഗര പദവി കോഴിക്കോടിന് കിട്ടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ ചിട്ടയായ പ്രവര്‍ത്തനം കാരണമായതായും മന്ത്രി ചൂണ്ടിക്കാട്ടി. ഈ നേട്ടം സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.