കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിന് ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെ കേസെടുത്തു. ചാണ്ടി ഉമ്മനുൾപ്പെടെ കണ്ടാലറിയാവുന്ന 30 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബിന്ദുവിന്റെ ബന്ധുക്കളെ ഉൾപ്പെടുത്തിയാണ് പ്രതിഷേധം നടത്തിയത്. കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലൻസ് തടഞ്ഞതെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഇതിനെ തുടർന്ന്, മെഡിക്കൽ കോളേജ് പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
എന്നാൽ, പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ബിന്ദുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ചാണ്ടി ഉമ്മൻ മാധ്യമശ്രദ്ധ നേടാൻ വേണ്ടി പ്രതിഷേധം നടത്തിയതാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. പൊലീസ് പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചെങ്കിലും അവർ സ്ഥലം വിടാൻ തയ്യാറായില്ല. തുടർന്ന്, ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റിയ ശേഷം ആംബുലൻസ് കടത്തിവിട്ടു.
മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച ചാണ്ടി ഉമ്മൻ സർക്കാരിന്റെയും പൊലീസിന്റെയും നടപടികളെ രൂക്ഷമായി വിമർശിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം, ബിന്ദുവിന്റെ മകൾ നവമിയുടെ 3.40 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ചെലവ് സർക്കാർ വഹിക്കണമെന്നും, നവമിക്ക് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിന്ദുവിന്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 8 മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.