പത്തനംതിട്ട– കോന്നി പാറമടയില്‍ പാറ ഇടിഞ്ഞു വീണ് കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടി തിരച്ചില്‍ നടത്താന്‍ എന്‍ഡിആര്‍എഫ് സംഘവും. ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ച അതിഥിത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം വൈകുന്നേരം 6 മണിക്ക് ശേഷം കണ്ടെത്തിയിരുന്നു. പ്രദേശത്ത് പാറ ഇടിയുന്നതിനാല്‍ തിരച്ചില്‍ സങ്കീര്‍ണമാണ്. ഒഡീഷ സ്വദേശി മഹാദേബ് പ്രധാന്റെ(51) മൃതദേഹം ആണ് ഇന്നലെ കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ അജയ് കുമാര്‍ റായി(38)ക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.
താഴ്ചയിലുള്ള പാറമടയുടെ മുകള്‍ ഭാഗത്തുനിന്നും പാറയുടെ വലിയ ഭാഗം താഴെയുള്ള യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മുകളിലാണ് പാറ ഇടിഞ്ഞുവീണത്. അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തൊഴിലാളികള്‍ കുടുങ്ങിയ ഭാഗത്തേക്ക് അഗ്നിരക്ഷാസേനക്ക് എത്തിച്ചേരാന്‍ സാധിച്ചത്. പാറ ഇടിഞ്ഞു വീണിടത്തേക്ക് എത്തിച്ചേരാന്‍ വഴിയൊരുക്കാന്‍ ആവിശ്യമായ യന്ത്രം എത്തിച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്. യന്ത്രത്തിനു മുകളിലുള്ള കൂറ്റന്‍ പാറകള്‍ പൊട്ടിച്ചു നീക്കിയാണ് ഒരു മൃതദേഹം പുറത്തെടുത്തത്.