മലപ്പുറം: പരവതനി വിവാദത്തില്‍ തുറന്നടിച്ച് തദ്ദേശ സ്വയം ഭരണ മന്ത്രി കെ എം ഷാജി. തദ്ദേശവകുപ്പിലെ അനധികൃത ഇടപെടലുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ചിലര്‍ ചാനലുകള്‍ വഴി തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. വേങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴയിലെ സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രചരിപ്പിച്ച ചാനല്‍ ലേഖകന്റെ വഴിവിട്ട ആവശ്യത്തിന് വഴങ്ങാത്തതാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു. പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയ ഉടന്‍ തന്നെ താന്‍ നേരെ വേദിയിലേക്ക് കയറുകയായിരുന്നുവെന്നും വഴിയില്‍ കാര്‍പ്പറ്റ് വിരിച്ചത് ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും കെ എം ഷാജി പറഞ്ഞു. താന്‍ മണ്ണില്‍ ചവിട്ടി വളര്‍ന്നവനാണെന്നും മണ്ണില്‍ ചവിട്ടി ജീവിച്ച തനിക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ബീച്ചില്‍ നടന്ന കുടുംബശ്രീ സംസ്ഥാന വിപണന മേളയില്‍ പരവതാനി വിരിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കാറില്‍ നിന്നിറങ്ങിയില്ലെന്നായിരുന്നു വാര്‍ത്ത. ചിലര്‍ തന്നെ ബിജെപി ചാരനാക്കാനും തീവ്രവാദിയാക്കാനും അഹങ്കാരിയായി ചിത്രീകരിക്കാനും ശ്രമിക്കുന്നത് വില പോവില്ലെന്നും ഷാജി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ മുന്‍കാലങ്ങളില്‍ കടന്നുകൂടിയ അനധികൃത നിയമനങ്ങള്‍ക്കും അഴിമതി ലോബികള്‍ക്കുമെതിരെ ശക്തമായ ശുദ്ധീകരണ നടപടികള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു.
കില, കുടുംബശ്രീ, ക്ലീന്‍ കേരള തുടങ്ങിയ മിഷനുകളിലും അനുബന്ധ ഏജന്‍സികളിലും ഐഎഎസ് ഉദ്യോഗസ്ഥരെക്കാള്‍ ഉയര്‍ന്ന ശമ്പളം പറ്റി പാര്‍ട്ടി താല്പര്യങ്ങള്ക്കായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നോമിനികളെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, പൊതുപണം കൊള്ളയടിക്കുന്ന ഇത്തരം അട്ടകളെ പിഴുതെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ കുടുംബശ്രീയെയും ഹരിത കര്‍മ്മ സേനയെയും രാഷ്ട്രീയ പരിപാടികള്‍ക്കും മന്ത്രിമാരുടെ പ്രസംഗങ്ങള്‍ കേള്‍പ്പിക്കാനും നിര്‍ബന്ധിച്ച് എത്തിക്കുന്ന മുന്‍കാല രീതി ഇനി അനുവദിക്കില്ലെന്നും മന്ത്രി ഷാജി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







