കോഴിക്കോട്– വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പ്രതികള്‍ ഒളിപ്പിച്ച കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെത്തി. പ്രതികള്‍ മൈസൂരില്‍ ഒളിപ്പിച്ച ഫോണുകളാണ് കണ്ടെത്തിയത്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഹേമചന്ദ്രന്‍ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പക്ഷെ പോലീസിന് രണ്ടു ഫോണുകളില്‍ നിന്നായി രണ്ട് സിം കാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്. മറ്റ് സിം കാര്‍ഡുകള്‍ മുഖ്യപ്രതിയെന്ന് കരുതുന്ന നൗഷാദ് മാറ്റിയെന്നാണ് പോലീസ് നിഗമനം.
കൊലപാതകത്തിന് പിന്നില്‍ നൗഷാദുമായുള്ള സാമ്പത്തിക ഇടപാടാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കള്ളപ്പണ ഇടപാട്, വാഹന മോഷണം തുടങ്ങിയ വലിയ ഇടപാടുകളും കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന്റെ അനുമാനം. 2024 മാര്‍ച്ചിലാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കേസ് വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചതിനു ശേഷം സ്വിച്ച് ഓണാക്കി. ഫോണിലേക്ക് ഒരു പ്രാവിശ്യം കോള്‍ കണക്ടായപ്പോള്‍ ഹേമചന്ദ്രന്റെ മകള്‍ക്ക് ഉണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്. കൊല്ലപ്പെട്ട ഹേമചന്ദ്രന്‍ ഗുണ്ടല്‍പേട്ടയില്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ഫോണ്‍ അവിടെ എത്തിച്ചത്.