അഹമ്മദാബാദ്– വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരായ മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങി തകർപ്പൻ സെഞ്ച്വറി നേടി. ക്യാപ്റ്റനും ഓപ്പണറുമായ രോഹൻ എസ് കുന്നുമ്മലിനൊപ്പം (124) ചേർന്ന് മിന്നുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. കേരളം എട്ട് വിക്കറ്റിന്റെ ഉജ്ജ്വല ജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. കുമാർ കുശാഗ്രയുടെ നോട്ടൗട്ട് സെഞ്ച്വറി (143) മികവിലാണ് ജാർഖണ്ഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കേരളം 42.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
സഞ്ജു സാംസണിന്റെ തിരിച്ചുവരവ് കേരളത്തിന്റെ ഇന്നിങ്സിനെ ആഘോഷമാക്കി മാറ്റി. ഓപ്പണിങ് കൂട്ടുകെട്ടിൽ സഞ്ജുവും രോഹൻ കുന്നുമ്മലും ചേർന്ന് 212 റൺസിന്റെ കൂറ്റൻ പാർട്ണർഷിപ്പ് പടുത്തുയർത്തി. 78 പന്തിൽ 11 സിക്സുകളടക്കം 124 റൺസെടുത്ത രോഹൻ പുറത്തായതിന് പിന്നാലെ സഞ്ജു സെഞ്ച്വറി പൂർത്തിയാക്കി. 95 പന്തിൽ മൂന്ന് സിക്സും ഒമ്പത് ബൗണ്ടറിയും സഹിതം 101 റൺസെടുത്ത് സഞ്ജു പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ബാബ അപരാജിത് (41) ഉം വിഷ്ണു വിനോദ് (40) ഉം ചേർന്ന് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചു.
ടി20യിൽ ഇന്ത്യയ്ക്കായി ഓപ്പണറായി സെഞ്ച്വറി നേടിയ ചരിത്രമുള്ള സഞ്ജു, ഏകദിനത്തിലും കേരളത്തിനായി ഓപ്പണിങ് റോളിൽ മികവ് പുലർത്തുന്നു എന്നതാണ് അഹമ്മദാബാദിൽ കണ്ടത്.
ഗ്രൂപ്പ് എയിൽ കേരളത്തിന്റെ മൂന്നാം ജയമാണിത്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളോടെ കേരളം പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.



