കോഴിക്കോട്: സിപിഎമ്മിനും ബിജെപിക്കും ശക്തമായ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം ഞെട്ടിക്കുന്ന വാർത്ത ഉടൻ പുറത്തുവരുമെന്നും അതിനായി കാത്തിരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“എന്റെ വാക്കുകൾ ഭീഷണിയായി കരുതേണ്ട. സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്, നോക്കിക്കോ. അധികം താമസിക്കില്ല. ഞാൻ പറഞ്ഞത് വൈകാറില്ല,” വി.ഡി. സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് ഈ വാർത്ത പുറത്തുവരുമോ എന്ന ചോദ്യത്തിന്, “തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ. അത്രയും ദിവസം ഒരു കാര്യം മറച്ചുവെക്കാൻ കഴിയുമോ?” എന്ന് അദ്ദേഹം മറുപടി നൽകി.
ബിജെപിക്കും വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. “കാളയുമായി ബിജെപി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. ബിജെപി ഓഫിസിന് മുന്നിൽ കെട്ടിയിടണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് ആ കാളയുമായി പ്രകടനം നടത്തേണ്ട സ്ഥിതി ഉടൻ ഉണ്ടാകും,” അദ്ദേഹം പറഞ്ഞു.
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിലെ കോൺഗ്രസ് അംഗം എസ്. ശ്രീജയുടെ ആത്മഹത്യയിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് വി.ഡി. സതീശൻ ആരോപിച്ചു. “സാമ്പത്തിക ബാധ്യതയുള്ളവരെ പൊതുയോഗങ്ങളിൽ സിപിഎം അധിക്ഷേപിക്കുകയാണ്. സ്ത്രീകളെ അവഹേളിക്കുന്ന പാർട്ടിയായി സിപിഎം മാറി. ശ്രീജയെ പൊതുയോഗത്തിൽ അധിക്ഷേപിച്ചതാണ് ആത്മഹത്യയ്ക്ക് കാരണം,” അദ്ദേഹം ആരോപിച്ചു.
ആരോപണ വിധേയർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. എന്നാൽ, ബലാത്സംഗ കേസിലെ പ്രതിയായ സിപിഎം എംഎൽഎ ഇപ്പോഴും രാജിവെക്കാതെ തുടരുകയാണ്. അവർ രാജിവെക്കണം,” വി.ഡി. സതീശൻ ആവശ്യപ്പെട്ടു.