കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതകളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സൂചന.
കഴിഞ്ഞ ദിവസമാണ് അരീക്കോട്ടെ സ്‌പെഷ്യൽ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ നിറയൊഴിച്ച് ജീവനൊടുക്കിയത്. പിന്നാലെയാണ് പൊലീസിൽ വീണ്ടും ആത്മഹത്യ. കടുത്ത മാനസിക സമ്മർദ്ദം കാരണം പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുകയാണ്. ഗർഭിണിയായ ഭാര്യയെ പരിചരിക്കാനും മരണക്കിടക്കയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനും വിവാഹ വാർഷികത്തിന് കുടുംബത്തോടൊപ്പം ഒത്തുകൂടാനുമൊന്നും കഴിയാത്ത സ്ഥിതിയാണ്. കുട്ടികളുടെ പിറന്നാളിനും മറ്റത്യാവശ്യങ്ങളിലുമെല്ലാം പൊലീസുകാർക്ക് അവധി നൽകണമെന്നാണ് ഡി.ജി.പിയുടെ സർക്കുലർ. ഇത് പാലിക്കാറില്ലെന്നു മാത്രം.