തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയുമായി കേരളം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പദ്ധതിയിലെ ചില കടുത്ത കരാർ വ്യവസ്ഥകളിൽ സംസ്ഥാനം ഇളവ് തേടും. നിലവിലെ സാഹചര്യത്തിൽ പദ്ധതിയുമായി സഹകരിക്കാൻ കേരളം നിർബന്ധിതരായിരിക്കുകയാണെന്നും, സംസ്ഥാനത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടാതെ ഇത് എങ്ങനെ നടപ്പിലാക്കണം എന്ന് നിശ്ചയിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തിന്റെ തുടർന്നുള്ള നടപടികൾ. കൂടാതെ, സർക്കാരിന്റെ ആദ്യ നൂറ് ദിന കർമ്മ പദ്ധതികൾ വരും ജൂലൈ 1 മുതൽ നടപ്പിലാക്കി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരാണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചത്. ഒപ്പുവെക്കില്ലെന്ന് പൊതുവേ പറഞ്ഞിരുന്നെങ്കിലും, മന്ത്രിസഭ പോലും അറിയാതെ കഴിഞ്ഞ സർക്കാർ ഈ കരാറിൽ ഒപ്പുവെക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാൽ കേരളം നിലവിൽ ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് 99 കോടിയിലധികം രൂപ സംസ്ഥാനം ഇതിനകം കൈപ്പറ്റിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. ഇനി 1100 കോടി രൂപ കൂടി കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുണ്ട്. ഇത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് സംസ്ഥാനത്തിന്റെ അവകാശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കി മാത്രമേ സംസ്ഥാനം മുന്നോട്ട് പോകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ കേന്ദ്ര സർക്കാർ യാതൊരുവിധത്തിലും ഇടപെടരുത് എന്നതാണ് കേരളത്തിന്റെ പ്രധാന ആശയപരമായ എതിർപ്പ്. അതോടൊപ്പം തന്നെ, പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന സർക്കാരിന് നൽകണമെന്നാണ് കേരളത്തിന്റെ മറ്റൊരു പ്രധാന നിബന്ധന. കേന്ദ്രത്തിന്റെ വർഗീയ അജണ്ടകൾക്ക് വഴങ്ങാതെ, സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ പദ്ധതി നടപ്പിലാക്കൂ. ഈ വിഷയത്തിൽ സമാന നിലപാടുള്ള മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒന്നിച്ച് നീങ്ങാനാണ് കേരളം തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു



