തിരുവനന്തപുരം: സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തിയ ശേഷം അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റാണ് മരിച്ചതെന്ന് അറിയുന്നു. തോമസിനൊപ്പമുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസന്‍ നാട്ടിലെത്തിയതോടെയാണ് തോമസിന്റെ മരണ വിവരം അറിയുന്നത്. എഡിസണ് കാലിന് പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മറ്റു രണ്ട് മലയാളികള്‍ ഇസ്രായേല്‍ ജയിലിലാണെന്നാണ് വിവരം.
അതിര്‍ത്തിയില്‍ ഇസ്രായേലിലേക്ക് കടക്കുന്നതിനിടെ ഇവര്‍ ജോര്‍ദാന്‍ സൈന്യത്തിന്റെ കണ്ണില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചു. തുടര്‍ന്ന് സൈന്യം വെടിവെക്കുകയായിരുന്നു. എഡിസണ് കാലിലാണ് വെടിയേറ്റത്. ചികിത്സയ്ക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. തോമസ് ഗബ്രിയേലിന്റെ മരണ വിവരം ഇമെയില്‍ മുഖേന എംബസിയില്‍ നിന്നും അറിയിച്ചിരുന്നെങ്കിലും കുടുംബം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് എഡിസണ്‍ തിരിച്ചെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്.
ഇവര്‍ ടൂറിസ്റ്റ് വിസയിലാണ് ജോര്‍ദാനിലേക്ക് പോയതെന്നാണ് കുടുംബം പറയുന്നത്. ഇവരെ ഇസ്രായിലേക്ക് കടത്താന്‍ ഏജന്റ് ഉണ്ടായിരുന്നെന്നും വിവരമുണ്ട്. പൊലീസും രഹസ്യനാന്വേഷണ വിഭാഗവും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.