കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍രഹിത സമനില. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചത്. 30ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഐബാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ഗോളി സച്ചിന്‍ സുരേഷിന്റെ സേവുകള്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തിയത്.
തുടക്കത്തിലെ ബ്ലാസ്റ്റേഴ്‌സിനായി അഡ്രിയാന്‍ ലൂണ നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി അതിന് മുമ്പ് ഫൗള്‍ വിളിച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ഭാഗ്യമായി. പതിനഞ്ചാം മിനിറ്റില്‍ ലൂണ വീണ്ടും നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്ത് ഭീതിവിതച്ചു. എന്നാല്‍ ലക്ഷ്യം കാണാനായില്ല. കളി പതുക്കെ പരുക്കനായി മാറിയതോടെ റഫറി കാര്‍ഡുകള്‍ പുറത്തെടുത്തു തുടങ്ങി. 23-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ ഫൗള്‍ ചെയ്തതിന് നോര്‍ത്ത് ഈസ്റ്റ് താരം മക്കാര്‍ട്ടന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. എന്നാല് ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും വലിയ തിരിച്ചടി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.
30-ാം മനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തുവെച്ച് നോര്‍ത്ത് ഈസ്റ്റ് താരം അജാറിയുടെ മുഖത്ത് തലകൊണ്ടിടിച്ചതിന് ബ്ലാസ്റ്റേഴ്‌സ് താരം ഐബാന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കിയതോടെ പിന്നീടുള്ള മുഴുവന്‍ സമയവും ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കുക എന്നതായി ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ഇടക്കിടെ മിന്നലാക്രമണങ്ങളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുറം വിറപ്പിക്കാനായെങ്കിലും ഗോളൊഴിഞ്ഞു നിന്നു.
10 പേരായി ചുരുങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പതുക്കെ ആക്രമണങ്ങള്‍ക്ക് ഒരുങ്ങി. അഡ്രിയാന്‍ ലൂണക്ക് ഫ്രീ കിക്കിലൂടെ രണ്ട് തവണ അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ച നോര്‍ത്ത് ഈസ്റ്റിന്റെ പല ശ്രമങ്ങളും ഗോളി സച്ചിന്‍ സുരേഷിന്റെ കൈക്കരുത്തിന് മുന്നില്‍ അവസാനിച്ചു. ഒടുവില്‍ 10 പേരായി ചുരുങ്ങിയിട്ടും നോര്‍ത്ത് ഈസ്റ്റിനെ ഗോളടിക്കാന്‍ വിടാതിരുന്ന ബ്ലാസ്റ്റേഴ്‌സ് വിജയ തുല്യ സമനിലയുമായി ഗ്രൗണ്ട് വിട്ടു.
സമനിലയോടെ ഒരു പോയന്റ് കൂടി സ്വത്മാക്കിയ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 17 മത്സരങ്ങളില്‍ നിന്ന് 21 പോയന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. സമനിലയോടെ 25 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണിപ്പോള്‍.