കണ്ണൂർ – സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വിവാദചിത്രം ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി കെ.സി.വൈ.എം, വിവാദസിനിമ പ്രദർശിപ്പിച്ചു.
അതിരൂപതയ്ക്ക് കീഴിലുള്ള ചെമ്പന്തൊട്ടിയിലെ സെന്റ് ജോർജ് ഫൊറോന ദോവലയ പാരിഷ് ഹാളിൽ വച്ചായിരുന്നു പ്രദർശനം. കഴിഞ്ഞ ദിവസം രാത്രി ചിത്രം പ്രദർശിപ്പിച്ച വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ തലശ്ശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ സിനിമ തുടർന്നും പ്രദർശിപ്പിക്കുമെന്നും കെ.സി.വൈ.എം വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി അതിരൂപതയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തലശ്ശേരി അതിരൂപത കൈക്കൊണ്ടത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന ചിത്രം തെരഞ്ഞെടുപ്പു കാലത്ത് പ്രദർശിപ്പിക്കേണ്ടതില്ലെന്നും, പൊതു സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടുതെന്നുമുള്ള തീരുമാനപ്രകാരമാണിതെന്നും അതിരൂപത വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ,
“ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രമെന്ന നിലയിലാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്നും,
അതിരൂപതയിലെ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിലും സിനിമ പ്രദർശനത്തിലുംനൂറോളം യുവജനങ്ങൾ പങ്കെടുത്തുവെന്നും കെ.സി.വൈ.എം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അതേ സമയം, സിനിമ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ കെ.സി.വൈ.എമ്മിന്റെ അറിയിപ്പ് അതിരൂപതയുടെ നിർദേശപ്രകാരമല്ലെന്നാണ് അധികൃതരുടെ നിലപാട്. വിശ്വാസോത്സവത്തിന്റെ ഭാഗമായി ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മത അധികാരികൾ രംഗത്തു വന്നിരുന്നു. യുവതീ യുവാക്കളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുകയാണെന്നും ഇതിൽ അവബോധം നൽകാൻ വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചതെന്നുമായിരുന്നു രൂപതയുടെ വിശദീകരണം. കുട്ടികൾക്ക് നൽകിയ ബുക്കിൽ ലൗ ജിഹാദിനെതിരെയും പരാമർശമുണ്ടായിരുന്നു.
തലശ്ശേരി അതിരൂപതയ്ക്ക് കീഴിലെ മുഴുവൻ പള്ളികളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള കെ.സി.വൈ.എം തീരുമാനത്തിനെതിരെ സഭയ്ക്കകത്തും വ്യാപകമായി എതിർപ്പുകൾ ഉയർന്നു വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group