തിരുവനന്തപുരം – മറ്റൊരു മത്സരത്തിലും വെടികെട്ട് ബാറ്റിങുമായി സഞ്ജു സാംസൺ മിന്നിയപ്പോൾ വിജയ വഴിയിൽ തിരിച്ചെത്തി കൊച്ചി ബ്ലൂടൈഗേഴ്സ്. കഴിഞ്ഞ രണ്ടും മത്സരത്തിലും തോറ്റ കൊച്ചിക്ക് വിജയം അനിവാര്യമായിരുന്നു. ട്രിവാൻഡ്രം അദാനി റോയൽസിനെ ഒമ്പത് റൺസിനാണ് പരാജയപ്പെടുത്തിയത്.
ആദ്യ ബാറ്റ് ചെയ്ത കൊച്ചി സഞ്ജു – വിനൂപ് മനോഹരൻ ആദ്യ വിക്കറ്റിൽ 68 റൺസ് ചേർത്തു. പിന്നാലെ 42 റൺസുമായി വിനൂപ് പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റൻ സാലി സാംസൺ ഉടൻ മടങ്ങിയെങ്കിലും നിഖിലിനെ കൂട്ടുപിടിച്ച് സഞ്ജു സ്കോർ പടുത്തുയർത്തി. 127ൽ നിൽക്കെ സഞ്ജു പുറത്തായി. താരം നേടിയത് 37 പന്തിൽ 62 റൺസായിരുന്നു. പിന്നീട് നിഖിൽ (45 റൺസ് *), ജോബിൻ ജോബി ( 10 പന്തിൽ 26 റൺസ് ) എന്നിവരുടെ മികവിൽ സ്കോർ 191ൽ അവസാനിച്ചു.
മറുപടി ബാറ്റിങിന് ഇറങ്ങിയ ട്രിവാൻഡ്രത്തിന് രണ്ടു റൺസ് എടുക്കുന്നതിനിടെ ഗോവിന്ദ് (0), റിയ ബഷീർ (0) എന്നിവരെ നഷ്ടമായി. ഓപ്പണായ കൃഷ്ണപ്രസാദും (36), തുടർന്ന് എത്തിയ സഞ്ജീവ് (70), അബ്ദുൽ ബാസിത് (41) എന്നിവർ ചേർന്ന് സ്കോർ 151ൽ എത്തിച്ചു. അവസാന 20 പന്തിൽ ജയിക്കാൻ ആവശ്യം വെറും 41 റൺസായിരുന്നു. വിജയം ഉറപ്പിച്ച ട്രിവാൻഡ്രത്തിന് തിരിച്ചടിയായത് ഇവരുടെ പിന്നാലെ വന്ന താരങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതായിരുന്നു. അവസാനം ഓവറുകളിൽ മികച്ച പന്തുകൾ എറിഞ്ഞു കൊച്ചി വിജയം തിരിച്ചുപിടിച്ചു. ഇതോടെ പോരാട്ടം 182ൽ അവസാനിച്ചു.
ജയത്തോടെ എട്ടു പോയിന്റുമായി പട്ടികയിൽ കൊച്ചി ഒന്നാമതെത്തി. ആറു മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള ട്രിവാൻഡ്രം അഞ്ചാമതാണ്.