തിരുവനന്തപുരം – കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിന് വേണ്ടി അവതരിച്ചത് സൽമാൻ നിസാർ ആണെങ്കിൽ ഇത്തവണയത് കൃഷ്ണദേവനായിരുന്നു. നിലവിലെ ഫൈനലിസ്റ്റുകൾ തമ്മിൽ മത്സരിച്ച സീസണിലെ രണ്ടാം മത്സരത്തിൽ 14 റൺസിന്റെ വിജയം നേടി കാലിക്കറ്റ്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് വേണ്ടി അവസാന ഓവറിലെ അഞ്ചു പന്തുകളും സിക്സുകൾ അടിച്ചു മത്സരത്തിന്റെ ഗിയർ മാറ്റിയ കൃഷ്ണദേവൻ തന്നെയാണ് മത്സരത്തിലെ താരവും. പത്തൊമ്പതാം ഓവറിലെ അവസാന നാല് പന്തുകളിൽ രണ്ട് സിക്സുകളും ഒരു ഫോറുമടക്കം 18 റൺസാണ് കൃഷ്ണ അടിച്ചെടുത്തത്. അവസാന ഓവർ എറിയാൻ എത്തിയ ഷറഫുദ്ദീൻ എതിരെ ആദ്യ പന്ത് സിംഗിൾ എടുത്തു അഖിൽ സഖരിയ കൃഷ്ണദേവനെ ക്രീസിൽ എത്തിച്ചു. തുടർന്നുള്ള അഞ്ചു പന്തുകളും ഉയർത്തിയടിച്ചു ബൗണ്ടറി കടത്തി സ്കോർ 202ൽ എത്തിച്ചു. താരം 11 പന്തിൽ ഏഴ് സിക്സുകളും ഒരു ഫോറുമടക്കം 49 റൺസാണ് അടിച്ചെടുത്തത്. കാലിക്കറ്റിനുവേണ്ടി അജിനാസ് (46), ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (36), ഓൾറൗണ്ടർ അഖിൽ (32*) എന്നിവരും തിളങ്ങി.
മറുപടി ഇറങ്ങിയ കൊല്ലം നിരയിൽ ഓപ്പണർ അഭിഷേക് നായർ ( 50 പന്തിൽ 74 റൺസ്) മികച്ച പ്രകടനം നടത്തിയെങ്കിലും 188 റൺസ് എടുക്കാനെ ടീമിന് കഴിഞ്ഞുള്ളൂ. അഭിഷേകിന് കുറച്ചെങ്കിലും പിന്തുണ നൽകിയത് ക്യാപ്റ്റൻ സച്ചിൻ ബേബി മാത്രമാണ് ( 19 പന്തിൽ 27 റൺസ്).
ഒരു ഘട്ടത്തിൽ 15.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മികച്ച നിലയിലായിരുന്ന കൊല്ലത്തിന് പിന്നീട് 38 റൺസ് എടുക്കുന്നതിനിടെ ബാക്കി ആറു വിക്കറ്റുകളും നഷ്ടമായി. കാലിക്കറ്റിന് വേണ്ടി അഖിലും, ഇഫ്താബും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി വിജയത്തിൽ നിർണായ പങ്കു വഹിച്ചു. ഇതോടെ എട്ടു മത്സരങ്ങളിൽ 22 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ബഹുദൂരം മുന്നിലാണ് അഖിൽ. രണ്ടാമതുള്ള ആസിഫിന് 13 വിക്കറ്റുകൾ മാത്രമാണുള്ളത്.
10 പോയിന്റുമായി പട്ടികയിൽ രണ്ടാമതെത്താൻ കാലിക്കറ്റിന് സാധിച്ചു.