തിരുവനന്തപുരം – കേരള രഞ്ജി താരം ജലജ് സക്സേനയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ രണ്ടു റൺസിന്റെ വിജയവുമായി ആലപ്പി റിപ്പൾസ്. നിലവിലെ ചാമ്പ്യന്മാരായ ഏലിയാസ് കൊല്ലം സെയ്‌ലേഴ്സിനെ അട്ടിമറിച്ചാണ് സീസണിലെ രണ്ടാംജയം ആലപ്പി സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി സക്സേന ( 50 പന്തിൽ 85 റൺസ് ) ഒറ്റയാൾ പ്രകടനത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുത്തു. അസ്ഹറുദ്ദീൻ (24), അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച മുഹമ്മദ് ഇനാൻ (21) എന്നിവരാണ് കുറച്ചെങ്കിലും സക്സേനക്ക് പിന്തുണ നൽകിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന്റെ പോരാട്ടം വിജയത്തിലേക്ക് മൂന്നു റൺസകലെ അവസാനിച്ചു. ഷറഫുദ്ദീൻ (22 പന്തിൽ 41 റൺസ് ), വിഷ്ണു വിനോദ് (9 പന്തിൽ 22) റൺസ് അവസാന താരമായ ബിജു നാരായണൻ ( രണ്ടു പന്തിൽ 12 റൺസ് ) എന്നിവരാണ് സ്കോർ 180 ൽ എത്തിച്ചത്. അവസാന രണ്ട് പന്തുകളും ബിജു സിക്സറുകൾ അടിച്ചെങ്കിലും കാര്യമുണ്ടായില്ല.
മൂന്ന് വിക്കറ്റ് വീതം എറിഞ്ഞെടുത്ത് മുഹമ്മദ് ഇനാൻ, രാഹുൽ ചന്ദ്രൻ എന്നിവർ നിർണായക പങ്കു വഹിച്ചു.
ആദിത്യ ബൈജു, ശ്രീഹരി, സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മുഹമ്മദ് ഇനാനായിരുന്നു മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.
ഇതോടെ ടീമുകൾക്കും അഞ്ചു മത്സരങ്ങളിൽ രണ്ടു ജയമടക്കം നാലു പോയിന്റാണ്. കൊല്ലം നാലാമതും ആലപ്പി അഞ്ചാമതുമാണ് പട്ടികയിൽ.