തിരുവനന്തപുരം– തുടർച്ചയായ രണ്ടാം മത്സരത്തിലും ഓൾ റൗണ്ടർ പ്രകടനം കാഴ്ചവച്ച അഖിൽ സഖറിയയുടെയും നിർണായക വിക്കറ്റുകൾ നേടിയ മോനു കൃഷ്ണയുടെയും മികവിൽ ജയം നേടി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആലപ്പി റിപ്പ്ൾസിന് എതിരെ 44 റൺസിന്റ വിജയമാണ് കാലിക്കറ്റ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത നിലവിലെ റണ്ണേഴ്സ് അപ്പ് അഖിൽ (30 പന്തിൽ 45 റൺസ്), ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ( 16 പന്തിൽ 31 റൺസ്) എന്നിവരുടെ മികവിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുത്തു. മനു കൃഷ്ണൻ (26), കൃഷ്ണ ദേവൻ (20), അൻഫൽ (20) എന്നിവരും ഉറച്ച പിന്തുണ നൽകിയിരുന്നു. എതിരാളികൾക്ക് വേണ്ടി രാഹുൽ ചന്ദ്രൻ മൂന്നും വിക്കറ്റും ജലജ് സക്സേന രണ്ടു വിക്കറ്റും നേടി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ആലപ്പിയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 128ൽ അവസാനിച്ചു.സക്സേന (45), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (21) എന്നിവർ മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്. മികച്ച ബൗളിങ് പ്രകടനമാണ് കാലിക്കറ്റിനെ വിജയത്തിലേക്ക് എത്തിച്ചത്. മോനു കൃഷ്ണ മൂന്നു വിക്കറ്റ് എറിഞ്ഞെടുത്തപ്പോൾ അഖിൽ, സുദേശൻ മിഥുൻ എന്നിവർ രണ്ടു വിക്കറ്റും പിഴുതെടുത്തു. മനു കൃഷ്ണൻ, ഇബ്നുൽ അഫ്‌ത്താബ് ഒരു വിക്കറ്റും നേടി നിർണായക പങ്കു വഹിച്ചു.
നാല് ഓവറിൽ 30 റൺസ് വിട്ടുകൊടുത്തു മൂന്നു വിക്കറ്റ് നേടിയ മോനു കൃഷ്ണയാണ് പ്ലെയർ ഓഫ് ദി മാച്ച്. അഖിൽ നാലു ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്താണ് രണ്ടു വിക്കറ്റ് നേടിയത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗർസിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു. സീസണിലെ ആദ്യ തോൽവിയാണ് സഞ്ജുവും ടീമും വഴങ്ങിയത്.