കോഴിക്കോട്: നിലമ്പൂർ എം.എൽ.എ പി.വി അൻവറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് കൊടുവള്ളി മുൻ എം.എൽ.എയും ഇടത് സഹയാത്രികനുമായ കാരാട്ട് റസാഖ്. അൻവറുമായി ഞാൻ ചർച്ച നടത്തിയത് ശരിയാണെന്നും ചേലക്കരയിൽ എത്തിയാണ് അൻവറിനെ കണ്ടതെന്നും റസാഖ് പറഞ്ഞു.
അൻവർ പറഞ്ഞ കാര്യങ്ങൾ പഠിക്കാനാണ് താൻ പോയത്. കൂടുതൽ പഠിച്ച ശേഷം പിന്തുണയുടെ കാര്യത്തിൽ തീരുമാനമെടുക്കും. ഇപ്പോൾ താൻ ഇടതുപക്ഷത്തിന്റെ ഭാഗമാണെന്നും ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും റസാഖ് വ്യക്തമാക്കി.
അതിനിടെ, പാലക്കാട്ട് സ്ഥാനാർത്ഥിയെ പിൻവലിച്ച് യു.ഡി.എഫിന് പിന്തുണ നൽകിയ പി.വി അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.എം.കെയിൽ രാജി. അൻവർ പാർട്ടി സ്ഥാനാർത്ഥിയെ പൊടുന്നനെ പിൻവലിച്ച് പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും ഇതിൽ പ്രതിഷേധിച്ച് ഡി.എം.കെ വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും ജില്ലാ സെക്രട്ടറി ബി ഷമീർ പ്രതികരിച്ചു.
അൻവറിന്റെ ഏകപക്ഷീയ തീരുമാനത്തിൽ പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ടെന്നും നൂറു പേർ പാർട്ടി വിടുമെന്നും ഷമീർ അവകാശപ്പെട്ടു. എന്നാൽ, ഷമീറിന് കേരള ഡി.എം.കെയുമായി ബന്ധമില്ലെന്നും തനിക്കറിയില്ലെന്നുമാണ് അൻവറിന്റെ പ്രതികരണം.
അതേസമയം, തന്നെ അറിയില്ലെന്നത് കളവണെന്നും പാർട്ടി രൂപീകരിച്ച സമയത്ത് നന്ദി പറഞ്ഞത് താനായിരുന്നുവെന്നാണ് ബി ഷമീറിന്റെ മറുപടി.