മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകത്തിന്റെ ആദ്യകോപ്പി ശശി തരൂര്‍ എം പിക്ക് നല്‍കി
തിരുവനന്തപുരം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ പ്രകാശിതമായി. തിരുവനന്തപുരം ഹയാത്ത് റിജന്‍സിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. ശശി തരൂര്‍ എം പിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു.
യഥാര്‍ഥ മതമൂല്യങ്ങളെ വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കിയ നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍ പറഞ്ഞു. മതത്തെ സമുദ്ധാരണത്തിനും സംഹാരത്തിനും ഉപയോഗിക്കാമെന്നിരിക്കെ മതത്തെ സമൂഹത്തിന്റെ സമുദ്ധാരണത്തിന് ഉപയോഗിക്കാനാണ് കാന്തപുരം ശ്രമിച്ചത്. കാന്തപുരത്തിന്റെ ആത്മകഥ ‘വിശ്വാസ പൂര്‍വം’ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ എന്നതിലുപരി ഐക്യകേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാമൂഹികസാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചരിത്രംകൂടിയാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വികാസപരിണാമങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. ചരിത്രവിദ്യാര്‍ഥികള്‍ക്കും വായനാതല്‍പരര്‍ക്കും ഒരുപോലെ പ്രിയങ്കരമായി ഇത് മാറും. ചരിത്രം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളെക്കുറിച്ച് 24 അധ്യാങ്ങളായാണ് പുസ്തമുള്ളത്. ആധ്യാത്മിക പ്രഭാഷകന്‍, പണ്ഡിതന്‍, അധ്യാപകന്‍, വാഗ്മി എന്നിങ്ങനെ നിരവധി മേഖലകളില്‍ മുദ്രപതിപ്പിച്ച വ്യക്തിത്വമാണ് കാന്തപുരം. ബൃഹത്തായ പ്രവര്‍ത്തനമേഖലകള്‍ സ്വന്തമായുള്ള ഒരാള്‍ ആത്മകഥയെഴുതുമ്പോള്‍ അത് സ്വന്തം കഥമാത്രമാകില്ല. അനേകം ജീവിതങ്ങളുടെ പ്രതിഫലനമായി മാറും- മുഖ്യമന്ത്രി പറഞ്ഞു. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി വികസനത്തെ എതിര്‍ക്കുന്ന ഘട്ടത്തില്‍ വികസനത്തിന് പ്രാമുഖ്യം നല്‍കണമെന്നാണ് കാന്തപുരത്തിന്റെ ജീവിതകഥ പറഞ്ഞുവെക്കുന്നത്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ദോഷം അനുഭവിക്കുന്ന കാലമാണ്. കേരളത്തിന് യോജിക്കാനും വിയോജിക്കാനും കഴിയുന്നൊരു മണ്ഡലമുണ്ട്. അത് തകര്‍ക്കുന്ന സാഹചര്യവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം കൃത്യമായ നിലപാടെടുത്ത വ്യക്തിയാണ് കാന്തപുരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ജീവിതമാണ് പുസ്‌കത്തിലൂടെ എഴുതി വെച്ചതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഭാവി സമൂഹത്തിന്റെ ഗുണകരമാകുന്ന കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. എഴുതിയതില്‍ വല്ല വിശദീകരണവും ആവശ്യം വരുമ്പോള്‍ അത് തര്‍ക്കവിതര്‍ക്കങ്ങള്‍ വിഷയീഭവിക്കാത്ത വിധത്തില്‍ ചോദിച്ച് മനസ്സിലാക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നാടിന് ഉപകാരമുള്ളതാവണം. നാം കേരളത്തിലാണ്. ഇവിടെ വ്യത്യസ്ത മത, ചിന്തകളുള്ളവര്‍ യോജിച്ച് ജീവിക്കുന്നു. ഇത് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
മര്‍കസ് നോളജ് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സംരംഭം മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റാണ് പ്രസാധകര്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീഡ് പ്രസ്സാണ് പുസ്തകത്തിന്റെ വിതരണം ചെയ്യുന്നത്.
പ്രകാശന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. മന്ത്രി പി രാജീവ്, മുന്‍കേന്ദ്ര മന്ത്രി വി മുരളീധരന്‍, പി വി അന്‍വര്‍ എം എല്‍ എ, വ്യവസായ പ്രമുഖരായ ഡോ. സിദ്ദീഖ് അഹ്മദ്, ടി എന്‍ എം ജവാദ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, അഹ്മദ് ദേവര്‍കോവില്‍, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ എ ഹകീം നഹ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം സംബന്ധിച്ചു. നൂറുദ്ദീന്‍ മുസ്തഫ സ്വാഗതവും സിദ്ദീഖ് സഖാഫി നേമം നന്ദിയും പറഞ്ഞു.