പയ്യന്നൂർ – പയ്യന്നൂർ പെരുമ്പയിൽ വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിന്റെ അന്വേഷണം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ പ്രത്യേക സംഘം ഏറ്റെടുത്തു. പരിയാരത്തെ പ്രമാദമായ കവർച്ചയെക്കുറിച്ച് അന്വേഷണം നടത്തിയ സംഘത്തെയാണ് നിയോഗിച്ചത്.
പെരുമ്പ മസ്ജിദിന് സമീപത്തെ റഫീഖ് മൻസിലിൽ സി.കെ. സുഹ്റയുടെ വീട്ടിലാണ് രണ്ടു ദിവസം മുമ്പ് കവർച്ച നടന്നത്.
വീട് കുത്തിത്തുറന്ന് അലമാരിയിൽ സൂക്ഷിച്ചിരുന്ന 76 പവൻ്റെ സ്വർണാഭരണങ്ങളും നാലായിരം രൂപയും നഷ്ടപ്പെട്ടതായി സുഹ്റയുടെ മകൾ സി.കെ സാജിത നൽകിയ പരാതിയിൽ കേസടുത്ത പോലീസിൻ്റെ അന്വേഷണം നടക്കുന്നതിനിടയിൽ മുപ്പത് പവൻ തിരിച്ച് കിട്ടിയിരുന്നു. സുഹ്റയുടെ ഗൾഫിലുള്ള ബന്ധു സീന അലമാരയിലെ അടിയിലെതട്ടിൽ സൂക്ഷിച്ചിരുന്ന ആരണങ്ങളാണ് തിരിച്ചുകിട്ടിയത്. ഇത് കവർച്ചക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
വീട്ടിൽ കവർച്ചക്കെത്തിയത് പ്രാദേശിക മോഷ്ടാക്കളല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ സൂചന ലഭിച്ചിരുന്നു. ദേശീയ പാതയിൽ നിന്നും വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും കവർച്ച സംഘം എത്തിയതെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐപിഎസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രത്യേ സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കവർച്ച നടന്ന വീടും പരിസരവും സംഘം പരിശോധിച്ചു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
തുടർന്നു നടത്തിയ പരിശോധനകളിൽ പ്രദേശത്തെ നിരീക്ഷണ കാമറയിൽ നിന്നും കവർച്ചക്കെത്തിയ മോഷ്ടാവിൻ്റെ അവ്യക്തമായ ദൃശ്യവും ലഭിച്ചിരുന്നു. പയ്യന്നൂർ ഡി.വൈ.എസ്.പി.എ. ഉമേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്. കുറ്റാന്വേഷണ മികവിൽ പോലീസ് മേധാവിയുടെ അനുമോദനം ഏറ്റുവാങ്ങിയ ചെറുപുഴ, പരിയാരം പഴയങ്ങാടി സ്റ്റെഷ നി ലെയും പോലീസുകാരും പയ്യന്നൂർ സ്റ്റേഷനിലെ എസ്. ഐ. എം.കെ.രഞ്ജിത്ത് ഉൾപ്പെടെയുള്ള ആറോളം പൊലീസുകാരാണ് അന്വേഷണ സംഘത്തിലുള്ളത്.