കണ്ണൂർ – വാക് തർക്കത്തിനൊടുവിൽ മധ്യവയസ്കനെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ വീടും വാഹനങ്ങളും തകർത്തു. നമ്പ്യാർ മെട്ടയിലെ അജയകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദേവദാസിന്റെ വീടാണ് ഒരു സംഘം ആക്രമിച്ചത്. അതിനിടെ കേസിൽ അറസ്റ്റിലായ നാലു പ്രതികളെ കോടതി റിമാൻഡു ചെയ്തു.
കൊല്ലപ്പെട്ട അജയകുമാറിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് രാത്രി വൈകി അഞ്ചംഗ സംഘം ദേവദാസിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. കാർ ഉൾപ്പെടെയുളള വാഹനങ്ങളും തകർത്തു. സംഭവത്തിൽ കണ്ടാലറിയുന്ന അഞ്ചു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ദേവദാസിന്റെ ഭാര്യാ സഹോദരൻ കോഴിക്കോട് മാങ്കാവ് കൊമേരി സ്വദേശി കെ സുമേഷിന്റെ പരാതിയിലാണ് കേസ്. സംഘടിച്ചെത്തിയവർ വീട് ആക്രമിക്കു കയും അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
വീടിന് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ, വിട്ടുമുറ്റത്ത് നിർത്തിയിട്ട കാർ, ഓട്ടോ റിക്ഷ എന്നിവ ആക്രമിച്ച് നശിപ്പിക്കുകയും ചെയ്തതായാണ് പരാതി. അതിനിടെ, ആക്രമണത്തിൽ വാരിയെല്ല് തകർന്നുണ്ടായ ആന്തരിക രക്തസ്രാവവും പരിക്കുമാണ് അജയകുമാറിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അജയകുമാറിന്റെ ശരീരത്തിൽ പുറമെ അധികം പരിക്കുകൾ ഉണ്ടായിരുന്നില്ല.
ഹെൽമെറ്റുകൊണ്ടും മരത്തടി കൊണ്ടുമേറ്റ മാരക പരിക്കുകളാണ് മരണത്തിന് കാരണമായത്. അവിവാഹിതരായ മൂന്ന് സഹോദരിമാരുടെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട അജയകുമാർ.
അതിനിടെ സംഭവത്തിൽ അറസ്റ്റിലായ ടി. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ്,സുഹൃത്ത് അസം സ്വദേശി ഉമറുൽ ഇസ് ലാം എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.