പത്തനംതിട്ട/കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ കത്തിലൂടെ വികാരപ്രകടനവുമായി രംഗത്ത്. പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് കലക്ടർ മുഖേനയാണ് നവീൻ ബാബുവിന്റെ വീട്ടിൽ കലക്ടർ കത്ത് എത്തിച്ചതെന്നാണ് വിവരം.
അതിനിടെ, കലക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായും വിവരമുണ്ട്. എന്നാൽ, തത്കാലം കണ്ണൂരിൽ തന്നെ തുടരാനാണ് നിർദേശമുണ്ടായതെങ്കിലും മാറ്റിയേക്കുമെന്നാണ് കരുതുന്നത്. എ.ഡി.എമ്മിന്റെ മരണത്തിൽ രോഷാകുലരായ കണ്ണൂർ കലക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്നാണ് കലക്ടർ ഭയക്കുന്നത്.
ഇന്നലെ പത്തനംതിട്ടയിലെ വസതിയിൽ നടന്ന എ.ഡി.എമ്മിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത കലക്ടർ കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നിട്ടില്ല. കലക്ടറെ ബഹിഷ്‌കരിക്കാൻ സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം മുൻകൂട്ടി കണ്ട് കണ്ണൂരിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
എ.ഡി.എമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പങ്കെടുത്തതിന് പിന്നിൽ ജില്ലാ കലക്ടർക്ക് പങ്കുണ്ടെന്നാണ് ആരോപണം. യോഗത്തിൽ ജനപ്രതിനിധികളെ ആരെയും ക്ഷണിക്കാതിരുന്നിട്ടും ദിവ്യയെ എത്തിച്ചത് കലക്ടറാണെന്നാണ് ആരോപണം. തീർത്തും സ്വകാര്യമായ ഈ പരിപാടിയിൽ ജില്ലാ കലക്ടറായിരുന്നു അധ്യക്ഷനെങ്കിലും അദ്ദേഹം തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ല. യോഗത്തിൽ എ.ഡി.എമ്മിനെ സി.പി.എം നേതാവായ ദിവ്യ അപമാനിച്ചിട്ടും ഒരക്ഷരം ഉരിയാടാതെ കാഴ്ചയ്ക്കാരനാകുകയായിരുന്നു കലക്ടർ.