കള്ളാർ ( കാസർകോട്): കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയവരെ പ്ലാറ്റ്‌ഫോം മറിയത്തിന്റെ പേരിൽ പിന്നിൽ നിന്ന് വിളിച്ചപ്പോൾ തിരികെ ഓടിയ മൂന്ന് പേരാണ് മരണത്തിലേക്ക് ചാടിക്കയറിയത്. കാഞ്ഞങ്ങാട്ടെ ആകസ്മിക ദുരന്തത്തിൽ മലയോരത്തെ കല്യാണ വീട് കണ്ണീർ വീടായി മാറുകയും ചെയ്തു. കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിലെ ഇന്നലെ ഉച്ചക്ക് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സ്വന്തം നാടായ കോട്ടയം ചിങ്ങവനത്തേക്ക് തിരിച്ചു പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ചിന്നമ്മ ( 70) ആലീസ് തോമസ് (69) എയ്ഞ്ചൽ (30) എന്നിവരെയാണ് അതിവേഗം ചീറിപാഞ്ഞുവന്ന കോയമ്പത്തൂർ ഹിസാർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ തട്ടിത്തെറിപ്പിച്ചത്.
വധുവിന്റെ വല്യമ്മ അടക്കമുള്ള ബന്ധുക്കളാണ് മരിച്ച മൂന്ന് പേരും. കള്ളാറിൽ നിന്ന് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം വൈകുന്നേരം ആറര മണിയോടെ കോട്ടയം വഴി പോകുന്ന മലബാർ എക്സ്പ്രസിൽ കയറുന്നതിന് ടെമ്പോ ട്രാവലറിൽ കാഞ്ഞങ്ങാടേക്ക് എത്തിയവരെ കാഞ്ഞങ്ങാട് ടൗണിലെ മീൻ മാർക്കറ്റിന് സമീപമാണ് ഇറങ്ങിയത്. മലബാർ വരുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് പകരം രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് എല്ലാവരും കയറിപോയത്. ഇവരുടെ കൂടെ എത്തിയ കുറെ പേർ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിൽപ്പുണ്ടായിരുന്നു. സ്ത്രീകളുടെ സംഘം അപ്പുറത്തേക്ക് കയറുന്നത് കണ്ട ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ നിൽക്കുന്ന ബന്ധുക്കൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു തിരികെ വരാൻ പറഞ്ഞു.
ഇതുകേട്ട് തിരികെ വരാൻ പാളം മുറിച്ചു കടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. കാസർകോട് ജില്ലയിൽ എവിടെയും സ്റ്റോപ്പ് ഇല്ലാത്ത സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആണ് മൂന്ന് സ്ത്രീകളുടെ ജീവൻ അപഹരിച്ചത്. കുതിച്ചെത്തിയ ട്രെയിൻ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ചിങ്ങവനത്ത് നിന്ന് അമ്പത് പേരാണ് വധുവിന്റെ ബന്ധുക്കളായി കല്യാണം കൂടാൻ എത്തിയിരുന്നത്. എല്ലാവരും രാവിലെ മലബാർ എക്സ്പ്രസിന് വന്നാണ് കള്ളാറിലേക്ക് പോയിരുന്നത്. വൈകുന്നേരം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പ് അന്ത്യയാത്രയായി മാറുകയായിരുന്നു.