കോഴിക്കോട്- മലയാളത്തിലെ ഏറ്റവും പ്രശസ്തനായ കവിയും ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനും നടനുമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ബാബരി മസ്ജിദ് സംഘ്പരിവാർ തകർത്തുവെന്ന് കേട്ടപ്പോഴുണ്ടായ ദുഖത്തിലാണ് വാത്സല്യം എന്ന സിനിമയിലെ അലയും കാറ്റിൻ ഹൃദയം എന്ന പാട്ടിൽ രാമായണം കേൾക്കാതെയായി, പൊൻമൈനകൾ മിണ്ടാതെയായി എന്ന വരി ചേർത്തതെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. യുറ്റ്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൈതപ്രം ഇക്കാര്യം പറഞ്ഞത്. ബാബരി മസ്ജിദ് തകർത്തുവെന്ന് കേട്ടപ്പോൾ തനിക്ക് ആകെ സങ്കടമായെന്നും ആ സങ്കടത്തിന് ഇടയിലാണ് ഈ വരികൾ എഴുതിയതെന്നും കൈതപ്രം പറഞ്ഞു.
‘വാത്സല്യം സീതാരാമൻമാരുടെ കഥയാണ്. രാമനാണ് ഏട്ടൻ. വാത്സല്യത്തിലെ അലയും കാറ്റിൻ ഹൃദയം എന്ന പാട്ട് എഴുതുന്ന ദിവസം എനിക്ക് വേറൊരു ഫീൽ കൂടി ഉണ്ടായിരുന്നു. ആ ദിവസമാണ് ബാബരി മസ്‌ജിദ് പൊളിക്കുന്നത്. അപ്പോഴാ പാട്ടിൽ ‘രാമായണം കേൾക്കാതെയായി പൊൻമൈനകൾ മിണ്ടാതെയായി’ എന്ന വരികൾ അറിയാതെ വന്നു. ആ വിഷയം പെട്ടന്ന് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമായി. എന്തൊക്കെ ന്യായം പറഞ്ഞാലും അത് രാമന് പോലും സഹിക്കാൻ പറ്റാത്തതാണ് എന്ന തോന്നലാണ് എനിക്കുണ്ടായത്. ഞാനതിൽ രാഷ്ട്രീയമായെന്നും പറയുന്നില്ല. എനിക്ക് പേഴ്സണലായി തോന്നിയ ഒരു കാര്യം. ബാബറി മസ്‌ജിദ് പൊളിച്ച അന്ന് രാത്രിയാണ് ആ പാട്ടെഴുതുന്നത് എന്നാണ് കൈതപ്രം പറഞ്ഞത്.
ദേശാടനം തുടങ്ങി ധാരാളം സിനിമകൾക്ക് ഗാനരചനയും, സംഗീതവും നിർവഹിച്ച കൈതപ്രത്തിന് 2021-ൽ പത്മശ്രീ അവാർഡും ലഭിച്ചു. കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്തു കേശവൻ നമ്പൂതിരിയുടെയും(കണ്ണാടി ഭാഗവതർ) അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനാണ് കൈതപ്രം. അച്ഛൻ കേശവൻ നമ്പൂതിരി ചെമ്പൈയുടെ ശിഷ്യനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കർണാടക സംഗീതം പഴശ്ശിത്തമ്പുരാൻ, കെ പി പണിക്കർ, പൂഞ്ഞാർ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണൻ എന്നിവരുടെ ശിക്ഷണത്തിൽ അഭ്യസിച്ചു.
എസ്.വി.എസ്. നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് ‘തിരുവരങ്ങ്’ എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980-ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. 1985-ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രമാണ് കൈതപ്രം ഗാനരചന നടത്തിയ ആദ്യചിത്രം. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. 400-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി 20-ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
1993-ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടി. 1996-ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനുമായി. 1997-ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. കർണാടകസംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.