വടകര: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിന്റെ അന്വേഷണത്തിൽ പോലീസിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല. എട്ട് മാസമായിട്ടും അന്വേഷണം തീരാത്ത ഈ കേസിൽ അന്വേഷണ സംഘം സി.പി.എം തിരക്കഥക്കനുസരിച്ച് ആടുകയാണെന്ന് പാറക്കൽ അബ്ദുല്ല ആരോപിച്ചു. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹാജരാക്കാൻ പറഞ്ഞിട്ടും പകരം കൂടുതൽ സാവകാശം പോലീസ് തേടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് രൂപം കൊണ്ടത് സിജെപി, കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി ആയിരുന്നെങ്കിൽ അത് വടകരയിലെത്തുമ്പോൾ കമ്മ്യൂണിസ്റ്റ് ജനതാ പോലീസ് ആയി മാറുന്നുവെന്നും ഈ കേസിൽ നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന പാറക്കൽ അബ്ദുല്ല കൂട്ടിച്ചേർത്തു.
രാവിലെ കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടിയ പ്രോസിക്യൂഷനോട് ഉച്ചക്ക് മുമ്പ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഉച്ചക്ക് ശേഷം വീണ്ടും കോടതി ചേർന്നപ്പോൾ പോലീസ് കൂടുതൽ സാവകാശം തേടുകയായിരുന്നു. തുടർന്ന് നവംബർ 25ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിടുകയും കേസ് നവംബർ 29ലേക്ക് മാറ്റിവെക്കുകയും ചെയ്തു. ഹർജിക്കാരൻ മുഹമ്മദ് കാസിമിന് വേണ്ടി അഡ്വ: മുഹമ്മദ് ഷാ ഹാജരായി.