കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രചരിച്ച കാഫിര്‍ പോസ്റ്റര്‍ വ്യാജമെന്ന് കണ്ടെത്തല്‍. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിമല്ല ശൈലജ ടീച്ചര്‍ക്കെതിരെ പോസ്റ്റര്‍ നിര്‍മിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്.
‘ പ്രഥമദൃഷ്ട്യാ നടത്തിയ അന്വേഷണത്തില്‍ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല’ എന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശം. കേസില്‍ ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് കാസിമിന്റെയും, സി.പി.എം നേതാവ് കെ. കെ ലതികയുടെയുമടക്കം ഫോണുകളും പരിശോധിച്ചിട്ടുണ്ട്. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റര്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡര്‍ ഓഫീസറെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ജൂണ്‍ 28ലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റിയ കോടതി ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.