കണ്ണൂർ – സി.പി.എം ചാനൽ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പോലീസിൽ പരാതി നൽകി. തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ വാർത്ത സംപ്രേക്ഷണം ചെയ്ത കൈരളി ചാനലിനെതിരെയും, റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ കണ്ണൂർ ടൗൺ എസ്. എച്ച് .ഒ ക്ക് പരാതി നൽകി.
മനോജ് എന്നയാൾ ഒരു കാലത്തും തൻ്റെ പി എ ആയി ജോലി ചെയ്തിരുന്നില്ല. തൻ്റെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവന്ന നിരവധി പേരിൽ കുറച്ചുകാലം മാത്രം പ്രവർത്തിച്ചുവന്ന ഒരു ജീവനക്കാരൻ മാത്രമായ മനോജ് എന്നയാൾ 2014 ശേഷം താനുമായോ, തൻ്റെ ഓഫീസുമായോ യാതൊരു ബന്ധവുമില്ലാത്തയാളാണ്.
ഈ കാര്യങ്ങൾ ബോധ്യമുള്ള കൈരളി ചാനൽ റിപ്പോർട്ടർ സന്തോഷ്, ചാനലിന്റെ ബന്ധപ്പെട്ട അധികാരികളും സത്യവിരുദ്ധമായ കാര്യം കളവാണെന്ന് അറിഞ്ഞുകൊണ്ട് എന്നെ വ്യക്തിഹത്യ നടത്തണമെന്നുള്ള ദുരുദ്ദേശത്തോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും ആയതിനാൽ കൈരളി ചാനലിനെതിരെയും, റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെ.സുധാകരൻ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.