- തൃശൂരിൽ ബി.ജെ.പി 56,000 വോട്ടുകൾ ചേർത്തത് പാർട്ടി വിദ്വാന്മാർ അറിഞ്ഞുപോലുമില്ല. എന്നിട്ടും ജയിക്കുമെന്നാണ് പറഞ്ഞതെന്നും പരിഹാസം
- കേന്ദ്ര സഹായം വൈകുന്നതിൽ ഒന്നാം പ്രതി പിണറായി, രണ്ടാം പ്രതി മോഡിയെന്നും മുരളീധരൻ
കോഴിക്കോട്: തൃശൂരിൽ സ്ഥാനാർത്ഥിയായി ചെന്നു പെട്ടതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എങ്കിലും നട്ടും ബോൾട്ടും സ്റ്റിയറിങ്ങുമില്ലാത്ത വണ്ടിയിൽനിന്നും തടി കേടാകാതെ രക്ഷപ്പെട്ടത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്നു പറയാം. നേരത്തേ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻചാണ്ടി എന്നിവർ മതിയാകുമായിരുന്നു. ഇന്ന് ജനക്കൂട്ടത്തെ ആകർഷിക്കണമെങ്കിൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ലാസ്റ്റ് ബസാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്ന് പരമാവധി സീറ്റ് നേടണം. തൃശൂരിൽ വലിയ പ്രതീക്ഷയൊന്നുമില്ല. പിണറായി വിജയനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെന്നു കരുതി അടങ്ങിയൊതുങ്ങി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ.
സംസ്ഥാനത്ത് ബി.ജെ.പി-സി.പി.എം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാനാവും. തൃശൂരിൽ ബി.ജെ.പി 56,000 വോട്ടുകൾ ചേർത്തത് പാർട്ടി വിദ്വാന്മാർ അറിഞ്ഞുപോലുമില്ല. എന്നിട്ടും ജയിക്കുമെന്നാണ് പറഞ്ഞത്. എന്നോട് ഒരു വണ്ടിയിൽ കയറി യാത്ര ചെയ്യാൻ പറഞ്ഞു. വണ്ടിയിൽ കയറി നോക്കുമ്പോൾ സ്റ്റിയറിങ്ങുമില്ല, നട്ടുമില്ല, ബോൾട്ടുമില്ലാത്ത സ്ഥിതിയായിരുന്നു. എങ്ങനെയൊക്കെയോ ഭാഗ്യത്തിന് തടി കേടാകാതെ രക്ഷപ്പെട്ടതാണ്. ജീവനും കൊണ്ടാണ് ഓടിയത്. തന്നെ അവിടെ കൊണ്ടാക്കാൻ മുന്നിൽ നിന്നത് കെ പ്രവീൺ കുമാർ അടക്കമുള്ളവരാണെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറിനെ വേദിയിലിരുത്തി മുരളീധരൻ തുറന്നടിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതിയത്. കേന്ദ്ര സർക്കാർ കേരളത്തിന് യാതൊരു സഹായവും നൽകിയിട്ടില്ല. കേന്ദ്രസഹായം വൈകുന്നതിലെ ഒന്നാം നമ്പർ പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പ്രധാനമന്ത്രി മോഡിയുമാണെന്നും അദ്ദേഹം വിമർശിച്ചു.