ഷാർജ– ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻ വിജയം സംസ്ഥാന സർക്കാറിനെതിരെയുള്ള വിധിയെഴുത്താണെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും കോൺഗ്രസ് പാർട്ടിയുടെ നേതാവും മുൻ എംപിയുമായ കെ. മുരളീധരൻ. ഇൻകാസ് ഷാർജ കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജയ്ഹിന്ദ്’രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം വ്യാപകമായി വോട്ട് മറിച്ചതിനാലാണ് ബി.ജെ.പിക്ക് തിരുവന്തപുരം കോർപറേഷൻ ഭരണം ലഭിച്ചതെന്നും മുരളീധരൻ പറഞ്ഞു.
ഇൻകാസ് ഷാർജ പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കര,ഇൻകാസ് യു.എ.ഇ പ്രസിഡന്റ് സുനിൽ അസീസ്, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ. സലീം, അഡ്വ. വൈ.എ. റഹീം, കെ. ബാലകൃഷ്ണൻ,വി. നാരായണൻ നായർ, രഞ്ജൻ ജേക്കബ്, എ.വി മധു എന്നിവർ സംസാരിച്ചു.
ഇൻകാസ് ഷാർജ ജന. സെക്രട്ടറി പി. ഷാജിലാൽ സ്വാഗതവും ട്രഷറർ റോയി മാത്യു നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കി വിനോദ് പട്ടുവം സംവിധാനം നിർവഹിച്ച ‘കാലം സാക്ഷി’ ദൃശ്യാവിഷ്കാരവും പ്രദർശിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും പിന്നണിഗായകൻ സച്ചിൻ വാര്യർ നയിച്ച ഗാനമേളയും അരങ്ങേറി.



