കൊച്ചി – തെരഞ്ഞെടുപ്പ് കേസില്‍ എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് ് കെ ബാബു എം എല്‍ എ. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നെന്നും ഇനിയെങ്കിലും വിധി അംഗീകരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും തയ്യാറാകണമെന്നും കെ ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ഒരു സ്ലിപ്പും അടിച്ചിട്ടില്ല. അവയെല്ലാം കൃത്രിമമായി ഉണ്ടാക്കിയാണ്. പോരാടി നേടിയ വിജയമാണിത്. അനാവശ്യ വ്യവഹാരങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി തയ്യാറാകണം. തെരഞ്ഞെടുപ്പ് കാലത്തെ വിധി കേരളത്തിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കും. എല്‍ ഡി എഫിനേറ്റ തിരിച്ചടിയാണിതെന്നും കെ ബാബു പറഞ്ഞു.
അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ എം സ്വരാജിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കെ ബാബുവിന് എം എല്‍ എ ആയി തുടരാമെന്നാണ് ഹൈക്കോടതി വിധി.