കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മന്ത്രവാദിനിയായ ‘ജിന്നുമ്മ’ എന്ന ഷമീമ ഹണി ട്രാപ്പ് ഉൾപ്പെടെ മറ്റു സ്വർണ തട്ടിപ്പു കേസുകളിയെും പ്രതിയാണെന്ന് പോലീസ്.
പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷമീമയും രണ്ടാ പ്രതിയും ഇവരുടെ ഭർത്താവ് ഉബൈസും 2013-ലെ ഹണി ട്രാപ്പ് കേസിലെ പ്രതികളാണ്. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസി വ്യാപാരിയെ 2013-ലാണ് ഷമീമ ഹണി ട്രാപ്പിൽ കുരുക്കിയതെന്ന് പോലീസ് പറഞ്ഞു.
പ്രവാസിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം ഫോൺ വിളിയിലൂടെയും ചാറ്റിങ്ങിലൂടെയും വശീകരിച്ച് കാസർകോട് ചൗക്കിയിലേക്ക് എത്തിച്ച ശേഷമായിരുന്നു ഹണി ട്രാപ്പ്. ശേഷം റൂമിൽ പൂട്ടിയിട്ട് ഷമീമയും ഭർത്താവും ബലം പ്രയോഗിച്ച് പ്രവാസിയുടെ വസ്ത്രമഴിപ്പിച്ച് നഗ്‌ന ഫോട്ടോ എടുക്കുകയായിരുന്നു. പിന്നീട് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി കൂടിയതോടെയാണ് പ്രവാസി പോലീസിനെ സമീപിച്ചത്. കേസിൽ ഷമീമയെയും ഭർത്താവും 14 ദിവസം ജയിലിൽ കിടന്നിരുന്നു.
ഉദുമ സ്വദേശിയുടെ 16 പവൻ സ്വർണം തട്ടിയെടുത്ത കേസിലും ജിന്നുമ്മ ഷമീമ പ്രതിയണ്. കൂടാതെ കൂടോത്രം നടത്തി സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയ വേറെ മൂന്ന് കേസുകളിലും ജിന്നുമ്മ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ജിന്നുമ്മയുടെ തട്ടിപ്പിൽ സമൂഹത്തിലെ പല പ്രമുഖരും ഇരയായിട്ടുണ്ട്. എന്നാൽ, നാണക്കേട് കാരണം പലരും പരാതിപ്പെടുന്നില്ലെന്നാണ് പോലീസ് പററയുന്നത്. സ്വർണം ഇരട്ടിയാകുമെന്ന ജിന്നുമ്മയുടെ വാക്ക് വിശ്വസിച്ച് ഒരു കുടുംബം വീട്ടിൽ കൂടോത്രം നടത്തി. സ്വർണ്ണം വീട്ടിലെ മുറിയിൽ 40 ദിവസം പൂട്ടിവെക്കണമെന്നായിരുന്നു ജിന്നുമ്മയുടെ നിർദേശം. 40 ദിവസത്തിന് ശേഷം തുറന്ന് നോക്കിയാൽ സ്വർണ്ണം ഇരട്ടിയാകുമെന്നായിരുന്നു ഇവർ വിശ്വസിപ്പിച്ചത്.
എന്നാൽ, സംശയം തോന്നിയ വീട്ടുകാർ പിറ്റേദിവസം തന്നെ മുറി തുറന്നു നോക്കിയപ്പോൾ സ്വർണത്തിന് പകരം കണ്ടത് ചെളിയും മണ്ണും നിറച്ച ബോക്‌സായിരുന്നു. ഈ സ്വർണാഭരണങ്ങളുമായി ജിന്നുമ്മ മുങ്ങുകയായിരുന്നു.
വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണത്തിൽ ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സംഘം അബ്ദുൽഗഫൂറിന്റെ വീട്ടിൽ വെച്ച് മറ്റു കുടുംബാംഗങ്ങൾ ഇല്ലാത്ത സമയത്ത് മന്ത്രവാദം നത്തുകയായിരുന്നു. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് വന്നതോടെയാണ് അബ്ദുൾ ഗഫൂറിനെ സംഘം കൊലപ്പെടുത്തി, 2023 ഏപ്രിൽ 14-ന് 596 പവനുമായി കടന്നുകളഞ്ഞത്.
ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന അബ്ദുൽ ഗഫൂറിന്റെ മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെങ്കിലും സ്വാഭാവിക മരണമെന്ന് കരുതി കുടുംബം മൃതദേഹം ഖബറടക്കുകയായിരുന്നു. എന്നാൽ, പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായ കാര്യം അറിഞ്ഞത്. തുടർന്നാണ് മരണത്തിൽ സംശയമുയർത്തി, മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകിയതും ജിന്നുമ്മയടക്കമുള്ള പ്രതികളെ പോലീസ് പിടികൂടിയതും.