കൊച്ചി- ഇന്ന് വൈകിട്ട് എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽനിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പിന്മാറി. സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കുന്നതിന് പകരം വീഡിയോ സന്ദേശം നൽകും. പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ജിഫ്രി മുത്തുക്കോയ തങ്ങളായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം. പരസ്യമായ തരത്തിൽ എതിർപ്പിലേക്ക് പോകരുതെന്ന് സതീശൻ ജിഫ്രി മുത്തുക്കോയ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച വിവാദത്തിനിടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പിന്മാറ്റം. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് കലൂരിൽ സമ്മേളനം നടത്തുന്നത്.
അതേസമയം, പാണക്കാട് തങ്ങൻമാരെ ഒഴിവാക്കിയുള്ള ഒരു സുന്നി സമ്മേളനത്തിനും പ്രസക്തിയില്ലെന്നും അതിനാൽ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുക്കില്ലെന്നും ദക്ഷിണ കേരള ജംഇയത്തുൽ ഉലമ നേതാവ് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. നാളെ സുപ്രീം കോടതി വഖഫ് കേസ് പരിഗണനക്ക് എടുക്കുന്ന സമയത്ത് ഇന്നത്തെ പ്രതിഷേധ സംഗമത്തിന് പ്രാധാന്യമില്ലെന്നും അദ്ദേഹം പറഞ്ഞു.