കൊണ്ടോട്ടി- ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനുള്ള പ്രവാസി വോട്ടർമാരെയും വഹിച്ച് ജിദ്ദ കെ.എം.സി.സിയുടെ ആദ്യ വോട്ട് വിമാനം കരിപ്പൂർ വിമാനതാവളത്തിലിറങ്ങി. സ്പൈസ് ജെറ്റിൻ്റെ SG36 വിമാനത്തിൽ 190 യാത്രക്കാരുമായാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനതാവളത്തിൽ നിന്ന് പറന്നുയർന്നത്.
ജിദ്ദ വിമാനതാവളത്തിൽ വോട്ടർമാരെ യാത്രയയക്കാൻ കെ.എം.സി.സി നാഷണൽ കമ്മിറ്റി രക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി, ജിദ്ദ കെ.എം.സി സി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര,ജനറൽ സെക്രട്ടറി വി.പി. മുസ്തഫ. ചെയർമാൻ ഇസ്മായീൽ മുണ്ടക്കുളം, ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പാലം, നാസർ മച്ചിങ്ങൽ, അശ്റഫ് താഴെക്കോട്, സിറാജ് കണ്ണവം ലത്തീഫ് വെള്ളമുണ്ട എന്നിവരും സ്പെസ് ജെറ്റിൻ്റെ എയർപോർട്ട് മാനേജർ സിറാജ്, അൽ ജൗഫ് റഹൂഫ് എന്നിവരും എത്തിയിരുന്നു. കെ.എം.സി.സി എന്ന് ഉല്ലേഖനം ചെയ്ത മനോഹരമായ ഷാളുകൾ ധരിപ്പിച്ചാണ് ഓരോ വോട്ടർമാരെയും വിമാനത്തിലേക്ക് യാത്രയാക്കിയത്.
കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ, കോഴിക്കോട് ജില്ല കെ.എം.സി സി പ്രസിഡൻ്റ് ഇബ്രാഹിം കൊല്ലി, മലപ്പുറം ജില്ല സെക്രട്ടറി ടി.പി സുഹൈൽ. ഏറനാട് മണ്ഡലം സെക്രട്ടറി മൊയ്തീൻകുട്ടി കാവനൂർ ഖുലൈസ് ഏരിയ സെക്രട്ടറി അബ്ദുൽ അസീസ്, ഷബീബലി കൊടക്കാട്, മജീദ് മങ്കട തുടങ്ങിയ നേതാക്കളാണ് യാത്രാ സംഘത്തിന് നേതൃത്വം നൽകുന്നത്.
വരും ദിവസങ്ങളിൽ നൂറ് കണക്കിന് വോട്ടർമാരെയും വഹിച്ച് കൂടുതൽ വിമാനങ്ങൾ ജിദ്ദയിൽ നിന്ന് സാർവീസ് നടത്തുമെന്ന് ജിദ്ദ കെ.എം.സി.സി നേതാക്കൾ പറഞ്ഞു.