കൊച്ചി – ബി ജെ പി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ ചര്‍ച്ച നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജനെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ സംഭവത്തില്‍ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രി, സി പി എം-ബി ജെ പി രഹസ്യബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്നും സതീശന്‍ പറഞ്ഞു. ‘സി പി എം-ബി ജെ പി രഹസ്യബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിണറായി വിജയന് വിവാദ വ്യവസായി നന്ദകുമാറിനോട് മാത്രമേ പ്രശ്‌നമുള്ളൂ. വി എസ് അച്ച്യുതാനന്തന്‍ മുതലുള്ള നേതാക്കള്‍ക്ക് നന്ദകുമാറുമായി ബന്ധമുണ്ട്. പ്രകാശ് ജാവദേക്കറെ ഇ പി കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടിയാണ്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, പിന്നെ എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് ഇ പി ജയരാജനും പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത്. പ്രകാശ് ജാവദേക്കറെ താനും പലതവണ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടത്. ഇ പി ജയരാജന്റെ മകന്റെ ആക്കുളത്തുള്ള വീട്ടിലേക്ക് എന്തിനാണ് ജാവദേക്കര്‍ പോയത്. പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇ പിയെ കൈയൊഴിയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group