റാമല്ല: നബ്‌ലുസ്, റാമല്ല എന്നിവയുൾപ്പെടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വിവിധ നഗരങ്ങളിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ ഇസ്രായിൽ സൈന്യം റെയ്ഡ് നടത്തി. ഇവയുടെ ഉടമസ്ഥരായ കമ്പനിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സൈന്യം അടച്ചുപൂട്ടൽ നോട്ടീസ് നൽകി.
തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കാരണം ഗൾഫ് മണി എക്‌സ്‌ചേഞ്ച് കമ്പനിക്കെതിരെ ഇസ്രായിലി സുരക്ഷാ സേന നടപടിയെടുക്കുന്നതായി റാമല്ലയിലെ കമ്പനി ശാഖയുടെ പ്രവേശന കവാടത്തിൽ പതിച്ച നോട്ടീസിലുണ്ട്.
സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിൽ നിരവധി സൈനിക വാഹനങ്ങൾ ഉണ്ടായിരുന്നതായും തുണികൊണ്ട് പൊതിഞ്ഞ സാധനങ്ങളുമായി സൈനികർ പുറത്തിറങ്ങിയതായും സംഭവസ്ഥലത്തുണ്ടായിരുന്ന എ.എഫ്.പി ലേഖകൻ റിപ്പോർട്ട് ചെയ്തു. സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയ ജീവനക്കാരന് രണ്ടു സൈനിക വാഹനങ്ങൾ അകമ്പടി സേവിച്ചു.
നബ്‌ലുസിൽ ഗൾഫ് മണി എക്‌സ്‌ചേഞ്ച് കമ്പനിയുടെ മറ്റൊരു മണി എക്‌സ്‌ചേഞ്ച് സ്ഥാപനവും ഒരു ജ്വല്ലറിയും ഇസ്രായിൽ സൈന്യം റെയ്ഡ് ചെയ്തതായി മറ്റൊരു എ.എഫ്.പി ലേഖകൻ പറഞ്ഞു. റെയ്ഡിനിടെ ഏതാനും നബ്‌ലുസ് നിവാസികൾ ഇസ്രായിൽ സേനയുമായി ഏറ്റുമുട്ടുകയും സൈനികർക്ക് നേരെ വസ്തുക്കൾ എറിയുകയും ചെയ്തു.
നബ്‌ലുസ് നഗരത്തിൽ ഇസ്രായിൽ നടത്തിയ റെയ്ഡിനിടെ ഒരു യുവാവ് കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണ്ണീർ വാതകം ശ്വസിച്ച 20 പേർക്കും റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ചുള്ള വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പേർക്കും ചികിത്സ നൽകിയതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
മണി എക്‌സ്‌ചേഞ്ച് സെന്ററുകളിൽ നടത്തിയ റെയ്ഡുകളെ ഹമാസ് അപലപിച്ചു. റെയ്ഡുകളെ ഫലസ്തീൻ സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്ന് ഹമാസ് വിശേഷിപ്പിച്ചു. വലിയ തുകകൾ കൊള്ളയടിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്ത ഈ ആക്രമണങ്ങൾ അധിനിവേശ സർക്കാർ പിന്തുടരുന്ന കൊള്ളയടിക്കൽ നയങ്ങളുടെ തുടർച്ചയാണ്. റെയ്ഡുകളിലൂടെ ഇസ്രായിൽ സൈന്യം ലക്ഷ്യമിട്ട കമ്പനികൾ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നവയാണെന്നും ഹമാസ് പറഞ്ഞു.