ചേർത്തല– നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത് 20 ഓളം കത്തിക്കരിഞ്ഞ അസ്ഥിക്കഷണങ്ങൾ. ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ (68) വീട്ടു വളപ്പിൽ നിന്നാണ് അന്യേഷം സംഘം അസ്ഥികൾ കണ്ടെത്തിയത്.
ചേർത്തല കടക്കരപ്പള്ളി ബിന്ദു പത്മരാജൻ, അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ, ചേർത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു, വാരനാട് വെളിയിൽ ഐഷ എന്നിവരുടെ തിരോധനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടിൽ തിങ്കളാഴ്ച നടന്ന തെളിവെടുപ്പിലാണ് ഇവ കണ്ടെത്തുന്നത്. രണ്ടര ഏക്കർ പുരയിടത്തിന്റെ പിറകിൽ കുഴിയെടുത്തപ്പോൾ കഴിഞ്ഞ ദിവസം ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഇതിന് സമീപത്തു നിന്നാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റിയന്റെ മുറിക്കുള്ളിൽ നിന്ന് രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്.
2024 ഡിസംബറിൽ കാണാതായ ജെയ്‌നമ്മയെ കുറിച്ചുള്ള അന്യേഷണമാണ് സെബാസ്റ്റനിലെത്തിച്ചത്. ഭാര്യയുമായി ഏറ്റുമാനൂരിൽ താമസിക്കുന്ന കാലത്താണ് ജെയ്‌നമ്മയുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. ഇപ്പോൾ ചേർത്തല ഭാഗത്തു നിന്ന് 2006ന് ശേഷം കാണാതായ മറ്റ് ചില സ്ത്രീകളുടെ തിരോധാനത്തിലും ഇയാൾക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് കേസ് അന്യേഷണം മുന്നോട്ട് പോവുന്നത്.
പോലീസ് ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വീടിന്റെ പരിസരത്ത് നായ മണം പിടിച്ചു നിന്നതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന കുളം വറ്റിച്ചു. സംശയാസ്പദമായി ലഭിച്ച വസ്തുക്കൾ ഫോറൻസിക് സംഘം പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തു. വീടിനകത്ത് സ്ഥാപിച്ച പുതിയ ഗ്രാനേറ്റ് പാകിയ തറയും പോലീസ് പരിശോധിച്ചു. രാത്രി വരെ പരിശോധന നീണ്ടു നിന്നു.