പാലക്കാട്– കശ്മീരിലെ ഗുല്‍മര്‍ഗിലെ വനപ്രദേശത്ത് പാലക്കാട് സ്വദേശിയുടെ 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാറിന് കോങ്ങാട് എം.എല്‍.എ മുഖേന നിവേദനം നല്‍കിയിരുന്നു. കേന്ദ്ര ഏജന്‍സികള്‍ ബന്ധുക്കളില്‍ നിന്ന് വിവരം തേടി.
ഏപ്രില്‍ 13നാണ് ഷാനിബ് പാലക്കാട്ടെ വീട്ടില്‍ നിന്ന് ബംഗളൂരുവിലേക്ക് ജോലി ലഭിച്ചെന്ന് പറഞ്ഞിറങ്ങിയത്. ഏപ്രില്‍ 15ന് ഇനി വിളിച്ചാല്‍ കിട്ടില്ലെന്ന് ടെക്സ്റ്റ് അയക്കുകയും ചെയ്തു. ബംഗളൂരിലെ സഹോദരിയുടെ വീട്ടിലേക്ക് മാത്രമാണ് ഷാനിബ് ഇതുവരെ നടത്തിയ ദീര്‍ഘദൂര യാത്ര. മുമ്പും വീട് വിട്ടിറങ്ങുന്ന ശീലമുണ്ടായിരുന്നു. ഇതിന് മുമ്പ് 21 ദിവസം കാണാതായതായും പോലീസ് സ്ഥിരീകരിച്ചു.
28 വയസുകാരനായ ഷാനിബ് പ്ലസ്ടു പഠന ശേഷം എൻട്രൻസ് പരിശീലനത്തിനായി മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്നെങ്കിലും പഠന സമയത്ത് മാനസികാസ്വാസ്ഥ്യം കാണിച്ചതോടെ അതുപേക്ഷിച്ചു. പാലക്കാട്ടെ സ്വകാര്യസ്ഥാപനത്തില്‍ ജോലി നോക്കിയെങ്കിലും അധികം തുടര്‍ന്നില്ല. പിന്നീട് ബന്ധുവിനൊപ്പം നാട്ടില്‍ വയറിംഗ് ജോലി ചെയ്യുകയായിരുന്നു. എങ്ങനെയാണ് കശ്മീരിലെത്തിയതെന്നോ എന്തിനാണ് പോയതെന്നോ പോലീസിനും ബന്ധുക്കള്‍ക്കും വ്യക്തതയില്ല. നോര്‍ക്ക മുഖേന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു